

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഇ ഡിക്കു മുമ്പില്‍ സോണിയ ഗാന്ധി ഹാജരായി. മകള്‍ പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പമുണ്ടായിരുന്നു. നേരത്തെ രാഹുല്‍ ഗാന്ധിയേയും ഇ ഡി ചോദ്യം ചെയ്തിരുന്നു.

സോണിയ ഗാന്ധി ഇ ഡി ഓഫിസിലെത്തിയതോടെ ദല്‍ഹിയിലെ ഇ ഡി. ഓഫീസ് പരിസരം, എ ഐ സി സി ആസ്ഥാനം, സോണിയാ ഗാന്ധിയുടെ വസതി എന്നിവിടങ്ങളുടെ പരിസരങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടി. ഇ ഡി ഓഫിസിനു മുമ്പില്‍ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്നത്.

കെ സി വേണുഗോപാല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹരീഷ് റാവത്ത്, ശശി തരൂര്‍ എം പി ഉള്‍പ്പെടെ നിരവധി നേതാക്കളും പ്രതിഷേധ രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും ഇ ഡി ഓഫീസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
കോവിഡും മറ്റ് ശാരീരിക അസ്വസ്ഥതകളുമുള്ളതിനാല്‍ ഹാജരാവുന്നതിന് സോണിയ ഗാന്ധി ഇ ഡിയോട്് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ജൂലൈ 21ന് ഹാജരാകണമെന്ന പുതിയ സമന്‍സ് ഇ ഡി അയച്ചത്.
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റു 1938ല്‍ സ്ഥാപിച്ച പത്രമായിരുന്നു നാഷണല്‍ ഹെറാള്‍ഡ്.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണം 2008ല്‍ പത്രം നിര്‍ത്തുന്നതിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം പത്രത്തിന് 90 കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയിരുന്നു. 2010ല്‍ പത്രമടങ്ങുന്ന എ ജെ എല്‍ (അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ്) എന്ന കമ്പനിയുടെ കോടിക്കണക്കിന് രൂപയുടെ ഓഹരികള്‍ യങ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തട്ടിയെടുത്തു എന്നായിരുന്നു കേസ്. 2012ല്‍ ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസുമായി കോടതിയെ സമീപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരെ കേസില്‍ ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. തെളിവില്ലെന്ന് കണ്ട് കോടതി 2015ല്‍ നാഷണല്‍ ഹെറാള്‍ഡ് കേസിലെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ബി ജെ പി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതോടെ രാഷ്ട്രീയ വിരോധത്തില്‍ കേസ് ഇ ഡിയെ ചുമതലപ്പെടുത്തുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

