

കോഴിക്കോട്: സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയാണ് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്.
2020 ഫിബ്രവരി എട്ടിന് വൈകിട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

പരാതിയില്‍ കൊയിലാണ്ടി പൊലീസ് മൊഴി എടുത്ത ശേഷം രാത്രി 10.25 ഓടെയാണ് കേസെടുത്തത്. രാത്രിയോടെ പൊലീസ് എഫ് ഐ ആര്.ഇട്ടു. നേരത്തെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചതായി ദലിത് യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് സിവിക് ചന്ദ്രന് ഒളിവിലാണ്.

എസ് സി/ എസ് ടി വകുപ്പ് പ്രകാരം കൊയിലാണ്ടിയില്‍ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഡി വൈ എസ് പി ഹരി പ്രസാദ് ആണ് കേസ് അന്വേഷിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ച സിവിക് ചന്ദ്രന്റെ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് വീണ്ടും പീഡന പരാതി ഉയര്‍ന്നത്.
അറസ്റ്റ് ഭയന്ന് സിവിക് തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. കൊയിലാണ്ടി സി ഐ എന്‍ സുനില്‍കുമാറാണ് കേസ് അന്വേഷിക്കുന്നത്.
അതിനിടെ സിവിക് ചന്ദ്രന് കോഴിക്കോട് ജില്ലാ കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് കോടതി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു.

