ആംഗ്യ ഭാഷയിലുള്ള വന്ദേ മാതരവുമായി കോഴിക്കോട്ടെ പൊലീസുകാര്‍

Web Desk
2 Min Read

കോഴിക്കോട്: വന്ദേമാതരത്തിന് വിവിധ രീതിയിലുള്ള ആലാപനങ്ങള്‍ നാം കേട്ടുകഴിഞ്ഞെങ്കിലും ഇതിന് സാധിക്കാത്ത സമൂഹത്തിലെ ഭിന്ന ശേഷിക്കാര്‍ക്കുവേണ്ടി ആംഗ്യ ഭാഷയില്‍ വന്ദേമാതരവുമായി കോഴിക്കോട്ടെ പൊലീസുകാര്‍.

city exchange

സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ആസാദി കാ അമൃത് മഹോത്സവ ആചരണങ്ങളുടെ ഭാഗമായാണ് സിറ്റി പൊലീസും ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോംപസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് റിഹാബിലിറ്റേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഓഫ് പഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റിസ് (സി ആര്‍ സി) കോഴിക്കോടും സംയുക്തമായി ഭിന്നശേഷിക്കാരുടെ ഉള്‍ച്ചേരല്‍, മുഖ്യധാരാ വല്‍ക്കരണം എന്ന ലക്ഷ്യത്തോടെ ദേശീയ ഗീതമായ വന്ദേമാതരം ആംഗ്യഭാഷ്യമൊരുക്കിയത്. അതിന്റെ ആദ്യത്തെ കൂട്ട ആലാപനവും നടന്നു. പുളിക്കല്‍ എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഫോര്‍ ഹിയറിങ് ഇമ്പയര്‍ഡുമായി സഹകരിച്ചായിരുന്നു ഈ പരിപാടി.

സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ പാര്‍ശ്വവല്‍കൃതരായ ഭിന്നശേഷിക്കാരോടുള്ള ഐക്യദാര്‍ഢ്യം എന്ന സന്ദേശത്തോടെയാണ് കേരള പൊലീസ് സി ആര്‍ സിയുമായി സഹകരിച്ച് ഇങ്ങനെ ഒരു ഉദ്യമത്തിനു മുതിര്‍ന്നത്.

- Advertisement -
Ad image

കേള്‍വി പരിമിതി ഉള്ളവരോട് ‘ഞങ്ങളും ഒപ്പമുണ്ട്’ എന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതോടെ കേരള പൊലീസ് കോഴിക്കോട് സിറ്റി ഉദ്യോഗസ്ഥരും സി ആര്‍ സി കെയും. ഇതിനു മുന്നോടിയായി കോഴിക്കോട് സിറ്റിയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലെയും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സി ആര്‍ സിയുമായി സഹകരിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആംഗ്യ ഭാഷ പരിശീലനം നല്‍കുകയുണ്ടായി. മികച്ച പ്രതികരണമാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊതുസമൂഹങ്ങളില്‍ നിന്നും ഇതിന് ലഭിച്ചത്. ഈ ഒരു പദ്ധതിയുടെ അടുത്തപടി എന്ന നിലയില്‍ കൂടിയാണ് കോഴിക്കോട് സിറ്റി പൊലീസ് സേനാംഗങ്ങളും സി ആര്‍ സി കെയിലെ മുഴുവന്‍ ജീവനക്കാരും വിദ്യാര്‍ഥികളും എബിലിറ്റി ഭിന്നശേഷി കോളേജിലെ കേള്‍വി പരിമിതിയുള്ള വിദ്യാര്‍ഥികള്‍ തുടങ്ങി 200ലേറെ പേര്‍ പങ്കെടുത്ത പരിപാടി. ഭിന്നശേഷിക്കാര്‍ക്ക് നാളെയുടെ കരുത്തായി എല്ലാവരും അവരോടൊപ്പം ഉണ്ടാവുമെന്ന് വിളിച്ചോതുന്നതായിരുന്നു കോഴിക്കോട് ചേവായൂരിലെ സി ആര്‍ സി ക്യാമ്പസില്‍ നടന്ന പരിപാടി.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഡി ഐ ജി എ അക്ബര്‍, കണ്ണൂര്‍ ജില്ലാ ജഡ്ജ് ആര്‍ എല്‍ ബൈജു, ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. എ ശ്രീനിവാസ്, സി ആര്‍ സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, അസിസ്റ്റന്റ് കമ്മിഷണര്‍ എ ഉമേഷ്, എബിലിറ്റി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ നസീം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സി ആര്‍ സി ഫിസിയോതെറാപ്പിസ്റ്റ് എച്ച് ഒ ഡി ബിനോയ് മാത്യു നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!