

കൊച്ചി: സിനിമപ്രാന്തന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ സാജിദ് യഹിയ നിര്‍മ്മിക്കുന്ന ആദ്യ സിനിമ ‘പല്ലൊട്ടി 90’സ് കിഡ്സ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ജിതിന് രാജ് ആണ് ചിത്രത്തിന്റെ കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. തിരക്കഥ- സംഭാഷണം ഒരുക്കിയിരിക്കുന്നത് ദീപക് വാസന്.

മാസ്റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്റ്റര്‍ നീരജ് കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ അര്ജുന് അശോകന്, ബാലു വര്‍ഗീസ് എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു. കൂടാതെ സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ മനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരഞ്ജനാ അനൂപ്, ദിനേശ് പ്രഭാകര്‍ തുടങ്ങിയ വന്‍ താരനിരകള്‍ക്കൊപ്പം വിനീത് തട്ടില്‍, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

‘സിനിമപ്രാന്തന് പ്രൊഡക്ഷന്‍സിന്റെ’ ആദ്യ ചിത്രമായ ‘പല്ലൊട്ടി 90’സ് കിഡ്സ്’ വളരെ പ്രത്യേകതകളോടെയാണ് റിലീസിനൊരുങ്ങുന്നത്. സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളില് ഉള്‍പ്പടെ നാല്‍പ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് കടക്കുന്നത്. ഓണ്‍ലൈന്‍ പ്രൊമോഷന്, പരസ്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ‘സിനിമാപ്രാന്തന് പ്രൊഡക്ഷന്‍സിന്റെ’ തുടര്‍ന്നുള്ള സിനിമകളും നവാഗതര്‍ക്ക് അവസരം നല്കുന്നതില് മുന്‍ഗണന നല്‍കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ‘സരിഗമ ഇന്ത്യ’യാണ് ‘പല്ലൊട്ടിയിലെ’ ഗാനങ്ങളുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
‘മെക്സിക്കന്‍ അപാരത’ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മണികണ്ഠന് അയ്യപ്പ ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ് സെറ്ററായ സുഹൈല്‍ കോയയാണ്. ജേക്കബ് ജോര്‍ജാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പാലക്കാടന്‍ ഗ്രാമീണ സൗന്ദരൃത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച പല്ലൊട്ടി എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ കീഴടക്കുന്ന ‘നൊസ്റ്റാള്‍ജിയ’ കൂടിയാണ്. കണ്ണന്, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിനും സൗഹൃദത്തിനും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും വരച്ചു കാട്ടലാവും ‘പല്ലൊട്ടി 90’സ് കിഡ്സ്’.
തൊണ്ണൂറ് കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി എത്തുന്നത് കമ്മാര സംഭവം, കുറുപ്പ് പോലുള്ള വമ്പന്‍ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറും ദേശീയ അവാര്‍ഡ് ജോതാവുമായ ബംഗ്ലാന്‍ ആണ്. ബിഗ്ബി, ബാച്ചിലര്‍ പാര്‍ട്ടി, ഡബിള്‍ ബാരല്‍, അണ്ടര്‍ വേള്‍ഡ്, പൊറിഞ്ചു മറിയം, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രവീണ്‍ വര്‍മ്മയാണ് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നവാഗതനായ ഷാരോണ്‍ ശ്രീനിവാസ് ആണ്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്തും പ്രൊജക്ട് ഡിസൈന്‍ ബാദുഷ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിജിത്ത്. ശബ്ദ രൂപകല്‍പ്പന ശങ്കരന് എ എസ്, കെ സി സിദ്ധാര്ത്ഥന്. ശബ്ദ മിശ്രണം വിഷ്ണു സുജാതന്‍. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എന്‍. കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോര്‍ ബാബു വയനാട്.

