

ദോഹ: ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ഖത്തറിലെത്തുന്നവര്‍ നിരോധിത മരുന്നുകളോ നാര്‍ക്കോട്ടിക് വിഭാഗത്തിലോ സൈക്കോട്രോപിക്ക് വിഭാഗത്തിലോ ഉള്‍പ്പെടുന്ന മരുന്നുകളോ കൂടെയില്ലന്ന് ഉറപ്പുവരുത്തണം. ലിറിക്ക, ട്രമഡോള്‍, അല്‍പ്രസോലം (സനാക്‌സ്), ഡയസിപാം (വലിയം), സോലം, ക്ലോനാസിപാം, സോല്‍പിഡം, കോഡിന്‍, മെത്തഡോണ്‍, പ്രിഗാബിലിന്‍ തുടങ്ങിയ മരുന്നുകളെല്ലാം ഇത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

നിരോധിത മരുന്നുകളുമായി ഖത്തറിലെത്തുന്നവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്യും. നിരോധിക്കപ്പെട്ട മുഴുവന്‍ മരുന്നുകളുടേയും പട്ടിക അറിയാന്‍ https://indianembassyqatar.gov.in/users/assets/pdf/announcement/prohibitedmedicines.pdf എന്ന ലിങ്ക് സന്ദര്‍ശിക്കാവുന്നതാണ്.

സ്വന്തം മരുന്നുകളല്ലാതെ സുഹൃത്തുക്കള്‍ക്കമോ കുടുംബക്കാര്‍ക്കോ ഉള്ള മരുന്നുകള്‍ കൂടെ കൊണ്ടുവരരുത്. നിരോധിക്കപ്പെട്ട മരുന്നുകളല്ലാത്ത വ്യക്തിപരമായ ഉപയോഗത്തിനുള്ളവ 30 ദിവസത്തേക്കുള്ളതു മാത്രമാണ് കൊണ്ടുവരാനാവുക. പ്രസ്തുത മരുന്നിന് അംഗീകൃത ഡോക്ടറില്‍ നിന്നോ ആശുപത്രിയില്‍ നിന്നോ ഉള്ള കുറിപ്പടി കൂടി കൂടെയുണ്ടായിരിക്കണം.

