

ദോഹ: വെസ്റ്റ് ബേ ബീച്ച്, ബി12 ബീച്ച് ക്ലബ്, ദോഹ സാന്റ്സ് എന്നിങ്ങനെ മൂന്ന് കുടുംബ സൗഹൃദ ബീച്ച് ക്ലബുകള്‍ക്ക് ഖത്തര്‍ ടൂറിസം തുടക്കം കുറിച്ചു.


ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവുമായ അക്ബര്‍ അല്‍ ബാക്കറും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്‍ജിനിയര്‍ ബാദര്‍ അല്‍ മീര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


വോളിബോള്‍ കോര്‍ട്ട്, ഫാന്‍ സോണ്‍, വെസ്റ്റ് ബേ ബീച്ചിലെ മനോഹരമായ ഫുഡ് കോര്‍ട്ട് എന്നിവയുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബി12 ബീച്ച് ക്ലബ്ബില്‍ 600 സണ്‍ ലോഞ്ചറുകള്‍, വാട്ടര്‍ സ്പോര്‍ട്സ് ആക്ടിവിറ്റികള്‍, ഡൈനിംഗ്, കുട്ടികളുടെ കളിസ്ഥലം എന്നിവയുണ്ട്. ദോഹ സാന്റ്സില്‍ 1,000 സണ്‍ ലോഞ്ചറുകള്‍, പരിപാടികള്‍ അവതരിപ്പിക്കാനുള്ള സ്റ്റേജ്, ക്വിക്ക്- സര്‍വീസ് ഫുഡ് ഔട്ട്ലെറ്റുകള് എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഫിഫ ലോകകപ്പ് ഖത്തര്‍ 2022ലും അതിനു ശേഷവും കുടുംബങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അവിസ്മരണീയമായ അനുഭവങ്ങളായിരിക്കും ഇവ നല്‍കുക.

ഖത്തര്‍ ടൂറിസത്തില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് തുടരുകയാണെന്നും 2030-ഓടെ പ്രതിവര്‍ഷം ആറ് ദശലക്ഷം സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ രാജ്യം തയ്യാറെടുക്കുകയുമാണെന്നും പറഞ്ഞ ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ അക്ബര്‍ അല്‍ ബാക്കര്‍ ഇതുപോലുള്ള മികച്ച സേവനങ്ങള്‍ ഖത്തറിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതാണെന്നും വിശദീകരിച്ചു.

ഖത്തര്‍ ടൂറിസം വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പ്രൊജക്ടിന് കീഴിലാണ് പുതിയ ബീച്ചുകള്‍ ഉള്‍പ്പെടുന്നത്. ദോഹയുടെ ഹൃദയഭാഗത്ത് 40,000 ചതുരശ്ര മീറ്റര്‍ പ്രീമിയം ബീച്ച് ഫ്രണ്ട് ഉള്‍ക്കൊള്ളുന്ന വിപുലമായ പുതിയ വികസനവുമുണ്ട്.


