

കൊച്ചി: മട്ടാഞ്ചേരിയിലെ ഹാലെഗ്വ ഹാളില്‍ നടക്കുന്ന ചെന്നൈയില്‍ നിന്നുള്ള യുവഫോട്ടോഗ്രാഫര്‍ വെട്രിവേലിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനം നെയ്തലിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ ‘നെയ്തല്‍’ വിഖ്യാത തമിഴ് നോവലിസ്റ്റായ പെരുമാള്‍ മുരുകന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഗാലറിയില്‍ നിര്‍വഹിക്കും.

പ്രകാശനത്തിന് ശേഷം ഈ വീഡിയോ ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. വെട്രിവേല്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ഈ വീഡിയോ കാലാവസ്ഥാ വ്യതിയാനങ്ങള്‍, കുടിയൊഴിപ്പിക്കല്‍, ആഗോളതാപനം തുടങ്ങിയ ജീവിതപ്രശ്നങ്ങള്‍ നേരിടുകയും അതിന്റെ ആഘാതങ്ങള്‍ നിശബ്ദമായി സഹിക്കുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഈ സമൂഹത്തിനിടയില്‍ താന്‍ നടത്തിയ പതിവ് സന്ദര്‍ശനങ്ങളും അവരുമായുള്ള ഇടപഴകലും അവരുടെ ജീവിതം വളരെ അടുത്തുനിന്നു മനസ്സിലാക്കാന്‍ സഹായിച്ചതിന്റെ പ്രതിഫലനമാണ് തന്റെ ഫോട്ടോഗ്രാഫുകള്‍ എ്ന്ന പോലെത്തന്നെ ഈ വിഡിയോയുമെന്ന് 18കാരനായ വെട്രിവേല്‍ പറഞ്ഞു.

താന്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ കേവലം ചിത്രങ്ങള്‍ എടുക്കുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, മറിച്ച് ഒരു ഡോക്യുമെന്റേറിയന്‍ ശൈലിയില്‍ അവരുമായി ആശയവിനിമയം നടത്തുന്നതിന് കൂടിയായിരുന്നു എന്നും ഇതാണ് ഈ വീഡിയോ, ഫോട്ടോഗ്രാഫി പ്രൊജക്ട് രൂപപ്പെട്ടുവരാന്‍ ഇടയാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. നിരവധി മത്സ്യത്തൊഴിലാളികളുമായി നടത്തിയ നീണ്ട അഭിമുഖങ്ങളുടെ ഫലമാണ് ഈ ഡോക്യുമെന്ററി. താന്‍ ജീവിച്ച വളരെ സുരക്ഷിതമായ അന്തരീക്ഷം തനിക്ക് ചുറ്റും തീര്‍ത്ത വലയത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ഇത്തരം യാത്രകള്‍ തന്നെ സഹായിച്ചുവെന്ന് വെട്രിവേല്‍ ഓര്‍മ്മിക്കുന്നു. സമൂഹത്തിന്റെ ഓരത്ത് നില്ക്കുന്ന ഈ മനുഷ്യരുമായുള്ള ഇടപഴകലില്‍ നിന്നാണ് ഓരോ മുഖവും ഒരു കഥയാണെന്ന് താന്‍ മനസ്സിലാക്കിയതും അവരില്‍ ആരും കാണാതെ എരിയുന്ന അഗ്നി താന്‍ കണ്ടതും എന്ന് തന്റെ ഫോട്ടോഗ്രാഫി പ്രൊജക്ടിന്റെ ഭാഗമായി ഈ വീഡിയോ ചിത്രീകരിച്ച വെട്രി കൂട്ടിച്ചേര്‍ക്കുന്നു. വെട്രി തന്നെയാണ് ഈ വിഡിയോയുടെ നിര്‍മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
അതിനിടെ, മട്ടാഞ്ചേരിയിലുള്ള ഹല്ലേഗ്വ ഹാളില്‍ നടക്കുന്ന വെട്രിയുടെ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനമായ ‘നെയ്തല്‍’ ഫെബ്രുവരി 20 വരേക്ക് നീട്ടിയതായി സംഘാടകര്‍ അറിയിച്ചു.

