തൊട്ടതെല്ലാം പൊന്നാക്കിയ അത്ഭുത മനുഷ്യന്‍

Web Desk
4 Min Read

തെന്നിന്ത്യന്‍ സിനിമതാരം സ്വരൂപ് ഇന്നസെന്റിനൊപ്പമുണ്ടായിരുന്ന ദിവസങ്ങള്‍ യൂറോപ്പിലിരുന്നു ഓര്‍ത്തെടുക്കുന്നു.

കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിലൂടെ ഇന്നസെന്റ് ചേട്ടനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം യൂറോപ്യന്‍ സമയം 6.45 ഓടുകൂടി ഇന്നസെന്റേട്ടന്റെ വിയോഗവാര്‍ത്ത എന്നെത്തേടിയെത്തി. മരണം ശാശ്വതമായ സത്യമാണ് അംഗീകരിച്ചേ മതിയാകൂ. എങ്കിലും ഉള്ളിലെവിടെയോ ഇന്നസെന്റേട്ടന്‍ യാത്രയാകുന്നത് അംഗീകരിക്കാന്‍ കഴിയുന്നില്ല എന്ന തോന്നല്‍ ഉടലെടുത്തു. അദ്ദേഹം അഭിനയിച്ച പല ചിത്രങ്ങളിലെയും കഥാപാത്രങ്ങള്‍ മനസ്സില്‍ മിന്നിമായുന്നു. അതുപോലെ എന്റെ ഓര്‍മ്മകളും 25 വര്‍ഷം പിറകിലേക്ക് പോയി.

city exchange

ഞാന്‍ കുട്ടിമാമയുടെ കൂടെ (മുന്‍ മന്ത്രി എ സി ഷണ്മുഖദാസ്) തിരുവനന്തപുരത്തെ സാനഡു ബംഗ്ലാവില്‍ താമസിക്കുന്ന കാലം. ഒരു ഒക്ടോബര്‍ മാസത്തില്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ കുട്ടിമാമ എന്നോട് പറഞ്ഞു മറ്റന്നാള്‍ ഇവിടെ സിനിമ ഷൂട്ടിംഗ് ഉണ്ട്, ഇന്ന് ഞാന്‍ അവര്‍ക്ക് അനുമതി കൊടുത്തു. കൗമാരത്തിലേക്ക് കടന്ന എനിക്ക് നമ്മള്‍ താമസിക്കുന്ന വീട്ടില്‍ ഷൂട്ടിംഗ് ഉണ്ടാവുന്നത് എത്രമാത്രം ആഹ്ലാദം ഉണ്ടാക്കുമെന്ന് ഊഹിക്കാന്‍ കഴിയുമല്ലോ. ഏതായിരിക്കും സിനിമ? ആരൊക്കെ വരും ഇവിടെ? എന്നെല്ലാം രാത്രി കിടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നു. ഏതായാലും ഒരു ദിവസം കൂടി കഴിഞ്ഞാല്‍ എല്ലാം അറിയാമല്ലോ ഞാന്‍ ചിന്തിച്ചു കൊണ്ടിരിക്കെ എപ്പോഴോ ഉറങ്ങിപ്പോയി.

കുട്ടിമാമ സാനഡുവില്‍ താമസമാരംഭിക്കുന്നതിനു മുന്‍പ് ആര്‍ ബാലകൃഷ്ണപിള്ള സാറായിരുന്നു അവിടെ താമസിച്ചിരുന്നത്. അതിനാല്‍ ഞാന്‍ ആ വീട്ടില്‍
വന്നപ്പോള്‍ ആദ്യം അവിടുത്തെ ജീവനക്കാരോട് അന്വേഷിച്ചത് ഗണേശേട്ടന്‍ (കെ ബി ഗണേഷ് കുമാര്‍) ഏതു മുറിയാണ് ഉപയോഗിച്ചിരുന്നത് എന്നാണ്. കാരണം ഗണേശേട്ടന്‍ അന്ന് അറിയപ്പെടുന്ന സിനിമാതാരമാണ് അദ്ദേഹം ഉപയോഗിച്ച മുറി ഉപയോഗിച്ചാല്‍ നാളെ ഞാനുമൊരു സിനിമാതാരമാകും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. ലാസ്‌കര്‍ എനിക്ക് ഗണേശേട്ടന്‍ ഉപയോഗിച്ചിരുന്ന മുറി കാണിച്ചുതന്നു. ഞാന്‍ കുട്ടിമാമയോട് പറഞ്ഞു: എനിക്ക് ഈ മുറിയില്‍ താമസിക്കണം. കുട്ടിമാമ പുഞ്ചിരിയോടെ സമ്മതം തന്നു. എനിക്കാണെങ്കില്‍ ലോട്ടറി അടിച്ചതു പോലുള്ള അവസ്ഥയും.

അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി. ഞാന്‍ രാവിലെ തന്നെ കുളിച്ചു പുതുവസ്ത്രമെല്ലാം ധരിച്ചു കാത്തിരിക്കുകയാണ് ഷൂട്ടിംഗ് സംഘത്തെ. ആദ്യമെത്തിയത് പ്രൊഡക്ഷന്‍ വാഹനമായിരുന്നു. അപ്പോഴാണ് ഞാന്‍ അറിഞ്ഞത് അനില്‍ ചന്ദ്ര സംവിധാനം ചെയ്യുന്ന ‘രാജതന്ത്രം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നടക്കാന്‍ പോകുന്നത്. ജഗദീഷ് നായകനായ ചിത്രത്തില്‍ ഇന്നസെന്റ് ചേട്ടന്റെ വീടായാണ് ‘സാനഡു ബംഗ്ലാവ്’ ചിത്രീകരിക്കുന്നത്. ഇന്നസെന്റ് ചേട്ടനെ കൂടാതെ സായികുമാറേട്ടന്‍, ചിത്ര, കല്പനചേച്ചി, കാവേരി, കൊച്ചു പ്രേമേട്ടന്‍ തുടങ്ങിയവരുടെ രംഗങ്ങള്‍ ആണ് ചിത്രീകരിക്കാനുള്ളത് എന്നും.

- Advertisement -
Ad image

വൈകാതെ താരങ്ങള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. മേക്കപ് മാന്‍ സലിം കടക്കല്‍ വാത്സല്യപൂര്‍വ്വം എന്നോട് ചോദിച്ചു മോനെ ഞങ്ങള്‍ക്ക് മേക്കപ് ചെയ്യാന്‍ ഒരു സ്ഥലം
വേണം, ഞാന്‍ അദ്ദേഹത്തെ എന്റെ റൂമിലേക്ക് ക്ഷണിച്ചു. അവിടെ മേശയും കസേരയും എല്ലാം ഉണ്ടായിരുന്നതിനാല്‍ മേക്കപ് ചെയ്യാന്‍ വളരെ സൗകര്യമായിരുന്നു. ഞാന്‍ കിടക്കയില്‍ ചാരി ഇരുന്നു മേക്കപ്പ് ചെയ്യാന്‍ വരുന്നതും കാത്തിരുന്നു. ആദ്യം തന്നെ ഇന്നസെന്റേട്ടന്‍ ആണ് വന്നത്. അദ്ദേഹം എന്നെ ചൂണ്ടികാണിച്ചു സലിം ചേട്ടനോട് ചോദിച്ചു, ഈ കുട്ടി ആരാണ്. മേക്കപ്മാന്‍ പറഞ്ഞു മിനിസ്റ്ററുടെ വീട്ടിലെ കുട്ടിയാണ്.

കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ തന്നെ ഞാനും എന്റെ പ്രായത്തിലുള്ള പ്രൊഡ്യൂസറുടെ അനന്തിരവനും കൂട്ടായി. ഞങ്ങള്‍ ഇന്നസെന്റ് ചേട്ടന്റെ അടുത്ത് സംസാരിച്ചിരിക്കും. വൈകുന്നേരമായപ്പോഴേക്കും എല്ലാവരും എന്റെ മുറിയില്‍ തന്നെയായി വിശ്രമവും മേയ്ക്കപ്പുമെല്ലാം. ഇന്നസെന്റേട്ടന്‍ എന്നെകൊണ്ട് പാട്ടുപാടിപ്പിക്കും. അദ്ദേഹം കുറെ പാട്ടുകള്‍ പാടും, ഒരിക്കലും പ്രായത്തിന്റെ ഒരു വ്യത്യാസം അദ്ദേഹത്തിന് പ്രശ്നമില്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി.

ഞങ്ങളുടെ കൂടെ കൂടുമ്പോള്‍ അദ്ദേഹവും കൗമാരക്കാരനായി മാറി. അതിനിടക്ക് ഞാന്‍ എന്റെ സിനിമാമോഹവും അദ്ദേഹത്തോട് പറഞ്ഞു. അതിനദ്ദേഹം പറഞ്ഞത് വലുതായി സ്വന്തമായി വരുമാനം എല്ലാം ആയി വിവാഹം കഴിച്ച ശേഷമേ സിനിമയില്‍ വരാവൂ എന്നാണ്. അന്നത് എനിക്ക് മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ എന്തുകൊണ്ടാണ് അന്നദ്ദേഹം അങ്ങിനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

വളരെ സന്തോഷകരമായ നിമിഷങ്ങളോടെയുള്ള ദിവസങ്ങള്‍ കഴിഞ്ഞുപോയി, ഷൂട്ടിംഗ് തീര്‍ത്തു എല്ലാവരും മടങ്ങി. പിന്നീട് ഇന്നസെന്റേട്ടനെ ഞാന്‍ കണ്ടിട്ടില്ല, കാരണം ഞാന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം യൂറോപ്പില്‍ സ്ഥിരതാമസമാക്കി.

2013ല്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് ഞാന്‍ സിനിമാരംഗത്തേക്ക് വരുന്നത്. അതിനാല്‍ പിന്നീട് ഇന്നസെന്റ് ചേട്ടനെ കാണാന്‍ കഴിഞ്ഞില്ല. ചെന്നൈയിലും യൂറോപ്പിലുമായി എന്റെ ജീവിതവും തിരക്കില്‍ ആയിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കൂടെ കുറെ ദിവസങ്ങള്‍ ചെലവിടാനും ഒന്നിച്ചു ഭക്ഷണം കഴിക്കാനും കുറെ നല്ല കാര്യങ്ങള്‍ കേള്‍ക്കാനും എല്ലാം കഴിഞ്ഞത് വളരെ ഭാഗ്യമായി ഞാന്‍ കരുതുന്നു.

വേര്‍പാട് വേദന തന്നെയാണ്. അദ്ദേഹത്തിന്റെ തന്മയത്വമുള്ള അഭിനയം ആര്‍ക്കും മറക്കാന്‍ കഴിയില്ല. അഭിനയിച്ച എല്ലാ സിനിമകളെയും കുറിച്ച് എഴുതുകയാണെങ്കില്‍ ഈ കുറിപ്പ് നിര്‍ത്താന്‍ കഴിയില്ല. എന്നാലും പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരും ദേവാസുരത്തിലെ വാര്യരും മഴവില്‍ കാവടിയിലെ അമ്മാവനും എല്ലാം പ്രേക്ഷക മനസ്സില്‍ നിന്നും എങ്ങിനെ മാഞ്ഞുപോകും.

ചെറിയ ലോകവും വലിയ മനുഷ്യരും എന്ന ചിത്രത്തില്‍ ഇന്നസെന്റ് ചേട്ടന്റെ കഥാപാത്രം സാരിയുടുത്തു ലേഡീസ് ഹോസ്റ്റലില്‍ കയറുന്നത് കണ്ടാല്‍ ചിരിച്ചു ചിരിച്ചു ശ്വസിക്കാന്‍ കഷ്ടപ്പെടും പ്രേക്ഷകര്‍. തൊട്ടതെല്ലാം പൊന്നാക്കിയ അത്ഭുതമനുഷ്യന്‍ അതായിരുന്നു ഇന്നസെന്റ് ചേട്ടന്‍. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!