സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിടുന്നതിനെതിരെയുള്ള സംഘപരിവാര്‍ വര്‍ഗ്ഗീയ പ്രചരണം തിരിച്ചറിയണം

Web Desk
1 Min Read

കോഴിക്കോട്: കണ്ടംകുളത്തെ സ്വാതന്ത്ര്യ ജൂബിലി ഹാളിന് സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിടുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന വര്‍ഗീയ പ്രചരണത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒരുമിച്ച് പ്രതിഷേധമുയര്‍ത്തണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമികവല്‍ക്കരണമാണെന്ന പ്രചാരണം കോഴിക്കോടിന്റെയും വിശിഷ്യാ തളിയുടെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംസ്‌കാരത്തെയുമാണ് അപമാനിക്കുന്നത്. തളി ക്ഷേത്രവും മിശ്കാല്‍ പള്ളിയുമെല്ലാം കോഴിക്കോടിന്റെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്.

city exchange

തളിയുടെ പൈതൃക സംരക്ഷണത്തിനും വികസനത്തിനുമായി എല്‍ ഡി എഫ് സര്‍ക്കാരും എം എല്‍ എയായിരുന്ന എ പ്രദീപ് കുമാറും മന്ത്രി പി എ മുഹമ്മദ് റിയാസും നടപ്പാക്കിയ പദ്ധതികള്‍ തളിയിലെ വിശ്വാസി സമൂഹത്തിന് അറിവുള്ളതാണ്. തീര്‍ഥാടന ടൂറിസത്തിന്റെ ഭാഗമായും പദ്ധതികള്‍ പുരോഗിക്കുന്നു. ഇതെല്ലാം മറച്ചുപിടിച്ച് വിവാദവും വര്‍ഗീയ വിഭജനവും ഉണ്ടാക്കാനാണ് ജനം ടി വിയും സംഘപരിവാരവും ശ്രമിക്കുന്നത്.

ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹ്മാന്റെ പേരിടുന്നത് ഇസ്‌ലാമികവല്‍ക്കരണമായി കാണാന്‍ വര്‍ഗീയ തിമിരം ബാധിച്ചവര്‍ക്കേ കഴിയൂ. ഇതിലൂടെ കുഞ്ഞാലി മരക്കാരെ സേനാധിപനായി വാഴിച്ച് പോര്‍ച്ചുഗല്‍ ആധിപത്യത്തിനെതിരെ പോരാടിയ സാമൂതിരിയെയാണ് അവഹേളിക്കുന്നത്. ഈ പ്രചാരണത്തിലെ രാഷ്ട്രീയ അജന്‍ഡ തിരിച്ചറിയണം.

- Advertisement -
Ad image

കേളപ്പനും മുഹമ്മദ് അബ്ദുറഹ്മാനും കൃഷ്ണപിള്ളയുമെല്ലാം തളി ക്ഷേത്ര പരിസരത്തെ വേര്‍കോട്ട് ഹൗസിലിരുന്നാണ് മലബാറില്‍ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്. കോഴിക്കോടിന്റെ പാരമ്പര്യം ഹിന്ദു- മുസ്‌ലിം മൈത്രിയുടെയും കൊളോണിയല്‍ ശക്തികള്‍ക്കെതിരായ യോജിച്ച പോരാട്ടത്തിന്റെതുമാണ്. സാമൂതിരിയും സയ്യിദ് മഖ്ദൂമും മരക്കാര്‍ സേനയും ഒന്നിച്ച് നിന്ന പോരാട്ടത്തിന്റെ ചരിത്രമാണ്.

1930ല്‍ നിയമലംഘന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുഹമ്മദ് അബ്ദുറഹിമാനാണ്. കോഴിക്കോടും പയ്യന്നൂരും നടന്ന ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് പൊലീസിന്റെ മര്‍ദ്ദനമേറ്റ വീരപുത്രന്റെ നാമം സ്വാതന്ത്ര്യ സമര ജൂബിലി ഹാളിന് നല്‍കാനുള്ള കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം ഉചിതമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!