ഗിഫ്റ്റ് ഓഫ് ലൈഫ് രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

കൊച്ചി: ലോകത്തിലെ തന്നെ ഏറ്റവും വലിയ സേവന സന്നദ്ധതയുള്ള സംഘടന എന്ന നിലയില്‍ റോട്ടറി ക്ലബ്ബ് വിശ്വവിസ്മയമാണെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. റോട്ടറി കൊച്ചിന്‍ ടെക്‌നോപോളിസും അമൃത ആശുപത്രിയുമായി സഹകരിച്ച് രാജ്യാന്തര തലത്തില്‍ ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന പേരില്‍ നടത്തുന്ന നിര്‍ധന കുട്ടികള്‍ക്കുള്ള ഹൃദയ ശസ്ത്രക്രിയ ക്യാമ്പിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

നീതി ബോധത്തേക്കാള്‍ രാജ്യതാത്പര്യങ്ങളാണ് റോട്ടറിയെ നയിക്കുന്നത്. വൈരുധ്യം വൈവിധ്യമായി കൊണ്ട് നടക്കാന്‍ റോട്ടറിക്ക് സാധിക്കുന്നത് കൊണ്ടാണ് ഇത്രയും വലിയ വിജയം കൈവരിക്കാന്‍ കഴിഞ്ഞത്. തനിക്ക് താനും പുരക്ക് തൂണും എന്ന നിലയിലേക്ക് ചുരുങ്ങാതെ സേവന സന്നദ്ധരാകുന്നതിനാലാണ് റോട്ടറി വേറിട്ട് നില്‍ക്കുന്നത്. ഓരോ സമൂഹത്തിലും സക്രിയമായ ഒരു ചെറു വിഭാഗം ഉണ്ടാകും. അവരാണ് രാജ്യത്ത് മാറ്റങ്ങള്‍ വരുത്തുന്നത്. ഇങ്ങനെ സക്രിയമായ കുറച്ചുപേര്‍ എല്ലാം ത്യജിച്ച് സ്വാതന്ത്ര്യത്തിന്റെ തീച്ചൂളയിലേക്ക് ഇറങ്ങിയത് കൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സേവന മനസിനെ പ്രോല്‍സാഹിപ്പിക്കുമ്പോളാണ് സമൂഹത്തിന്റെ ചാലക ശക്തിയാകാന്‍ കഴിയുന്നവരെ കണ്ടെത്താനാക്കുക എന്നും അദ്ദേഹം പറഞ്ഞു.

റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജ്‌മോഹന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി. ഈ വര്‍ഷം റോട്ടറി 70 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ നടത്തിയതായും അതില്‍ 500 വീടുകള്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ലിയാക്കത്ത് അലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എബി സാം സ്വാഗതം പറഞ്ഞു.

- Advertisement -
Ad image

പദ്ധതിയെ കുറിച്ച് അമൃതയിലെ ഡോ. കൃഷ്ണകുമാര്‍, ജെറി തോമസ് എന്നിവര്‍ വിശദീകരിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറും ഡിസ്ട്രിക്ട് ട്രെയ്‌നറുമായ മാധവ് ചന്ദ്രന്‍, അമൃത സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അജോയ് മേനോന്‍, ഡോ. ജി എന്‍ രമേശ്, മുന്‍ ഡി എഫ് ആര്‍ സി ആര്‍ ജയശങ്കര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ജയരാജ് കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.

ഓപ്പറേഷന്‍ കഴിഞ്ഞ് സുഖമായ കുട്ടികള്‍ക്ക് ഗവര്‍ണര്‍ ഉപഹാരം നല്‍കി. സെക്രട്ടറി ജൂഡി ജോസ് നന്ദി പറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുളള 250ഓളം കുട്ടികള്‍ക്ക് നടത്തുന്ന ശസ്ത്രക്രിയയില്‍ ആദ്യഘട്ടം 120 കുട്ടികളുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

Share This Article
Leave a Comment
error: Content is protected !!