

കൊച്ചി: ആള് ഇന്ത്യ ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റി 81-ാം വാര്‍ഷിക സമ്മേളനം മെയ് 11 മുതല്‍ 14 വരെ കൊച്ചി ലുലു ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററില്‍ അരങ്ങേറും. കാല്‍ലക്ഷത്തിലധികം അംഗങ്ങളുള്ള ആള് ഇന്ത്യ ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റി നിലവില്‍ അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്മോളജിയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഒഫ്താല്‍മിക് സംഘടനയാണ്.

മെയ് 11ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ലിവ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡല്‍ഹി മെട്രോ റയില്‍ കോര്പറേഷന് മുന്‍ മാനേജിംഗ് ഡയറക്ടര്‍ പത്മവിഭൂഷന് ഇ ശ്രീധരന് സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും. കേരള നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ മുഖ്യാതിഥിയാകും. ജ്യോതിര്‍ഗമയ ഫൗണ്ടേഷന് സ്ഥാപക ടിഫാനി ബ്രാര്‍ മുഖ്യപ്രഭാഷണം നടത്തും.

രാജ്യത്തിനകത്തും പുറത്തുമുള്ള ആറായിരത്തിലധികം പ്രതിനിധികളും ഫാക്കല്‍റ്റികളും ആരോഗ്യ രംഗത്തെ 1700ഓളം വ്യവസായ പ്രതിനിധികളും കൊച്ചിയിലെ സമ്മേളനത്തില്‍ പങ്കെടുക്കും. നാല് ദിവസങ്ങളിലായി 23 ഹാളുകളിലായി നടക്കുന്ന ക്ലിനിക്കല്‍, ടീച്ചിംഗ് സെഷനുകള്‍ ഒഫ്താല്‍മോളജിയുടെ വിവിധ ഉപവിഭാഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. അന്ധത തടയുന്നത് മുതല്‍ നിര്‍മിത ബുദ്ധി പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം വരെയുള്ള വിവധ വശങ്ങള് സമ്മേളനം ചര്‍ച്ച ചെയ്യും. ഒഫ്താല്‍മോളജി രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ സമ്മേളനമാണിത്.
അത്യാധുനിക മെഡിക്കല്‍, ശസ്ത്രക്രിയ ഉപകരണങ്ങളുടെയും പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.
ആള് ഇന്ത്യ ഒഫ്താല്‍മോളജിക്ക് സൊസൈറ്റിയുടെ പ്രസിഡന്റായി ഡോ. ലളിത് വര്‍മയില്‍ നിന്ന് ഡോ. ഹര്‍ബന്‍സ് ലാല്‍ ചുമതലയേല്‍ക്കും. സംസ്ഥാനത്തെ നേത്രരോഗ വിദഗ്ധരുടെ സംഘടനയായ കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് (കെ എസ് ഒ എസ്) ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ആള് ഇന്ത്യ ഒഫ്താല്‍മോളജിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ലളിത് വര്‍മ, ജനറല്‍ സെക്രട്ടറി ഡോ. നമ്രത ശര്‍മ, നിയുക്ത പ്രസിഡന്റ് ഡോ. ഹര്‍ബന്‍ഷ് ലാല്‍, സംഘാടക സമിതി ചെയര്മാന് ഡോ. എസ് ശശികുമാര്‍, സംഘാടക സമിതി സെക്രട്ടറിയും കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് കേരള പ്രസിഡന്റുമായ ഡോ. എസ് ജെ സായ്കുമാര് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

