ഖത്തര്‍ കെ എം സി സി തെരഞ്ഞെടുപ്പില്‍ പഴയവരെല്ലാം മാറണമെന്നും പുതിയവരെല്ലാം വരണമെന്നും അഭിപ്രായമില്ല: പി എം എ സലാം

Web Desk
4 Min Read

താനൂര്‍ ബോട്ട് ദുരന്തം; മുഖ്യമന്ത്രിയുടെ നടപടികള്‍ നല്ല കാല്‍വെയ്പ്

പെര്‍മിറ്റില്ലാത്ത ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ മന്ത്രി കയര്‍ത്തു സംസാരിച്ചു

ദോഹ: കെ എം സി സി തെരഞ്ഞെടുപ്പില്‍ പഴയ എല്ലാവരും മാറണമെന്നോ പുതിയവരെല്ലാവരും വരണമെന്നോ ഉള്ള അഭിപ്രായമില്ലെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഖത്തര്‍ കെ എം സി സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

ഖത്തറില്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാര്‍ ആരെയാണോ തെരഞ്ഞെടുക്കുന്നത് അവര്‍ ഭാരവാഹികളായി രംഗത്തെത്തും. കെ എം സി സില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും തെരഞ്ഞെടുപ്പ് വാശിയേറിയതാണെന്നുമൊക്കെ പറയുന്നത് കേവലം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം സി സിയിലും മുസ്‌ലിം ലീഗിലും ഓരോ നാലു വര്‍ഷത്തിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഖത്തറില്‍ മാത്രമല്ല ലോകത്തിലെ പത്തെഴുപത് രാജ്യങ്ങളില്‍ കെ എം സി സി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലായിടങ്ങളിലും നേതൃത്വവുമുണ്ട്. ചില സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയെിലുമൊക്കെ നേരിയ അഭിപ്രായ വ്യത്യാസങ്ങളും പാര്‍ട്ടിയെ നയിക്കാന്‍ ആരു വരണമെന്ന ഭിന്നാഭിപ്രായവുമൊക്കെ ഉണ്ടായേക്കാം. മുസ്‌ലിം ലീഗും കെ എം സി സിയുമൊക്കെ ജനാധിപത്യ പാര്‍ട്ടികളായതിനാല്‍ ഇത്തരം വ്യത്യസ്ത അഭിപ്രായങ്ങള്‍ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ നയിക്കാന്‍ ചില പ്രത്യേക ആളുകള്‍ വേണമെന്ന് ചിലര്‍ക്ക് തോന്നുന്നത് സ്വാഭാവികമാണ്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളൊക്കെ അതിന് കാരണവുമായേക്കാം. എന്നാല്‍ അത്തരം അഭിപ്രായ വ്യത്യാസങ്ങളൊക്കെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇല്ലാതാകുമെന്നും എല്ലാവരും നേതൃത്വം അംഗീകരിച്ച് ഒന്നായി പ്രവര്‍ത്തിക്കുമെന്നും പി എം എ സലാം പറഞ്ഞു. കൗണ്‍സിലര്‍മാരുടേയും നിലവിലുള്ള ഭാരവാഹികളുടേയുമൊക്കെ അഭിപ്രായം സ്വീകരിച്ച് ഖത്തറില്‍ കെ എം സി സിക്ക് പുതിയ കമ്മിറ്റി നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

നാടിനെ നടുക്കുകയും മനഃസാക്ഷിയെ മുറിവേല്‍പ്പിക്കുകയും ചെയ്ത ദുരന്തമാണ് താനൂരിലുണ്ടായതെന്ന് പി എം എ സലാം ചൂണ്ടിക്കാട്ടി. ദുരന്തം സംഭവിച്ചയുടന്‍ ആരാണ് തെറ്റുകാരെന്നും ആരൊക്കെയാണ് ഉത്തരവാദികളെന്നുമൊക്കെ തിരയുന്നതിന് മുമ്പ് ചെയ്യേണ്ടത് ദുരന്ത ബാധിതരെ സഹായിക്കുകയെന്ന കര്‍മമാണ്.

താനൂര്‍ ദുരന്തത്തിന് ശേഷം രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞതോടെ ഇനി ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും വളരെ നല്ല സമീപനമാണ് താനൂര്‍ ദുരന്തത്തിന് പിന്നാലെയുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുകയും ചികിത്സ ഏറ്റെടുക്കുകയും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ നടത്തുകയുമൊക്കെ ചെയ്തത് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള നല്ല കാല്‍വെപ്പുകളാണെന്നും അവയെ അംഗീകരിക്കുന്നതായും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.

എന്നാല്‍ അതേ അവസരത്തില്‍ തന്നെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഒരുപാട് അനാസ്ഥകളുണ്ട്. താനൂരിലേത് വിളിച്ചു വരുത്തിയ അപകടമാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. പെര്‍മിറ്റില്ലാത്ത ബോട്ടാണ് സര്‍വീസ് നടത്തിയത്. മത്സ്യബന്ധം നടത്തിയിരുന്ന വലിയ തോണി രൂപമാറ്റം വരുത്തി ആളെ കയറ്റാനുള്ള ബോട്ടായി ഉപയോഗിക്കുകയായിരുന്നു. ഇതിനെ നാട്ടുകാര്‍ നേരത്തെ തന്നെ എതിര്‍ക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും താനൂരിലെ എം എല്‍ എ കൂടിയായ മന്ത്രി അബ്ദുറഹ്മാനുമൊക്കെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ഇടപെട്ട് ഒരു ദിവസം സര്‍വീസ് നിര്‍ത്തിവെപ്പിച്ചെങ്കിലും പിറ്റേന്ന് എവിടെയൊക്കെയോ സ്വാധീനം ചെലുത്തി സര്‍വീസ് ആരംഭിക്കുകയും ചെയ്തു. സര്‍വീസ് നടത്താന്‍ അംഗീകാരമില്ലാത്ത ബോട്ട് ആലപ്പുഴയിലുള്ള ഒരു പോര്‍ട്ട് ഓഫിസറുടെ അനുമതി നേടിയാണ് സര്‍വീസ് നടത്തിയത്.

അന്വേഷണ ചുമതല താനൂര്‍ ഡി വൈ എസ് പിക്ക് നല്‍കിയതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തിയിട്ടുണ്ട്. താനൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് നിയമ നിഷേധമുണ്ടായത്. അവരെ തന്നെ അന്വേഷണം ഏര്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പെര്‍മിറ്റില്ലാത്ത ബോട്ട് സര്‍വീസിനെതിരെ പരാതി പറഞ്ഞപ്പോള്‍ മന്ത്രി കയര്‍ത്തു സംസാരിച്ചു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഏത് മന്ത്രിയാണ് അത്തരത്തില്‍ കയര്‍ത്ത് സംസാരിച്ചതെന്ന് അന്വേഷണത്തില്‍ പുറത്തുവരണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.

താനൂരിലെത്തിയ മുഖ്യമന്ത്രി യോഗം വിളിച്ചു കൂട്ടുന്നത് നേരത്തെ ആരേയും അറിയിച്ചിരുന്നില്ല. ആ സമയത്ത് മുസ്‌ലിം ലീഗ് അവിടെയുള്ളതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്തതെന്നും വിവരം മുന്‍കൂട്ടി അറിയാത്തതുകൊണ്ടാണ് വി ഡി സതീശന്‍ എത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

എ ഐ ക്യാമറ വിഷയത്തില്‍ മുസ്‌ലിം ലീഗ് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടുണ്ട്. എറണാകുളത്തും കായംകുളത്തും തിരുവനന്തപുരത്തുമെല്ലാം താന്‍ തന്നെ പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നതായും പി എം എ സലാം പറഞ്ഞു. യു ഡി എഫിന്റെ പ്രബലമായ ഭാഗമാണ് മുസ്‌ലിം ലീഗെന്നും അധികാരത്തിന് വേണ്ടി മുന്നണി മാറുന്നത് മുസ്‌ലിം ലീഗിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഐ്ക്യകണ്‌ഠേനയാണ് നടന്നതെന്നും ബാക്കിയെല്ലാ കഥകളും ചാനലുകളുടെ സൃഷ്ടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടത്തി ഒരുക്കം നടത്തുകയാണ്. നിലവിലുള്ള രണ്ട് സീറ്റിന് മാത്രമല്ല കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും അവ പറയേണ്ട സമയത്ത് പറയേണ്ടിടത്ത് പറയാന്‍ മുസ്‌ലിം ലീഗിന് അറിയാമെന്നും അദ്ദേഹം വിശദമാക്കി. എന്നാല്‍ മുസ്‌ലിം ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെട്ടു എന്നൊക്കെ കേള്‍ക്കുന്ന കഥകള്‍ മാധ്യമങ്ങളുണ്ടാക്കുന്നതാണെന്നും മൂന്നില്‍ മാത്രം ഒതുക്കാതെ ആറും എട്ടും സീറ്റുകള്‍ക്ക് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും അദ്ദേഹം വിശദമാക്കി.

Share This Article
Leave a Comment
error: Content is protected !!