

ദോഹ: ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് ദോഹയില്‍ നിന്നും പറന്ന ക്യു ആര്‍ 960 ഖത്തര്‍ എയര്‍വെയ്‌സ് ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് ബാങ്കോക്കിലേക്ക് തിരിച്ചു വിട്ട് സുരക്ഷിതമായി ഇറക്കി. ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് പരുക്കേറ്റ ചിലര്‍ക്ക് ബാങ്കോക്കില്‍ ഖത്തര്‍ എയര്‍വെയ്‌സ് വൈദ്യസഹായം ലഭ്യമാക്കി. ഖത്തര്‍ എയര്‍വെയ്‌സിന്റെ സാമൂഹ്യ മാധ്യമ പേജുകളിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

മുഴുവന്‍ യാത്രക്കാര്‍ക്കും ബാങ്കോക്കില്‍ താമസ സൗകര്യവും ഭക്ഷണവും നല്‍കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ഡെന്‍പസറിലേക്കുള്ള യാത്രക്കാരെ ബാങ്കോക്കില്‍ നിന്നും മെയ് 11ന് വ്യാഴാഴ്ച എത്തിക്കും.

ബോയിംഗ് 777-300 ഇ ആര്‍ ആണ് ഡെന്‍പസറിലേക്കുള്ള യാത്രാ മധ്യേ ബാങ്കോക്കിലേക്ക് തിരിച്ചത്. അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കുന്നതിനാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

