

കോഴിക്കോട്: വര്‍ഗീയ വിഭാഗീയ ചിന്തകളിലൂടെ ചിലര്‍ ധ്രുവീകരണത്തിന് ശ്രമിച്ച പല ഘട്ടങ്ങളിലും ജാതിമത ചിന്തകള്‍ക്കപ്പുറം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ ജനങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹവും സൗഹൃദവും രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു. സമസ്ത 98-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രതയുടെയും വിദ്വേഷത്തിന്റെയും അവിവേകത്തിന്റെയും നിലപാട് വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും സഹജീവികളോട് സഹിഷ്ണുതയോടെ മാത്രമേ പെരുമാറാവൂ എന്നും ചെറിയ പ്രായം മുതല്‍ സമസ്ത പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം നമ്മുടെ രാജ്യത്തിനും ലോകത്തിനും മാതൃകയായതില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പങ്ക് വളരെ വലുതാണെന്നും കാന്തപുരം പറഞ്ഞു.

ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും വര്‍ഗീയ- വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലും സമസ്ത രൂപീകരണ കാലം മുതല്‍ ഇന്ന് വരെ ജാഗ്രത പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഈ വസ്തുത പൊതുസമൂഹവും കൃത്യമായി മനസ്സിലാക്കിയതാണ്.
ഇപ്പോള്‍ 10435 മദ്‌റസകള്‍ സമസ്തക്ക് കീഴില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും ഏറെ ആകര്‍ഷിക്കപ്പെട്ട മര്‍കസ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഈ പണ്ഡിത സംഘടനയുടെ സംഭാവനയാണ്. പല കാരണങ്ങളാല്‍ ഇന്നും എല്ലാ രംഗത്തും പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും മദ്‌റസകളും സ്ഥാപിച്ച് അവരെ കൈപിടിച്ചുയര്‍ത്താന്‍ വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
1921ലെ മലബാര്‍ കലാപാനന്തരം ഏറെ ഒറ്റപ്പെട്ടുപോയ മുസ്‌ലിം സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കാന്‍ ചില വിഭാഗങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ അന്നത്തെ പണ്ഡിത സമൂഹം തിരിച്ചറിയുകയും ജനങ്ങളെ ഉദ്ബുദ്ധരാക്കുകയും ചെയ്തു. 1926ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായതുമുതല്‍ നാടിനും സമൂഹത്തിനും വെളിച്ചമേകിയ 97 വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. ലോക ഇസ്‌ലാമിക വേദികളില്‍ പലപ്പോഴായി ഈ കേരളീയ പണ്ഡിത സംഘടനയുടെ ശബ്ദം മുഴങ്ങിക്കേട്ടുവെന്നും രാജ്യത്തെ പൊതുസമൂഹത്തിന്റെയും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെയും ഉന്നമനത്തിനായി വലിയ ദൗത്യങ്ങളേറ്റെടുത്തു കൊണ്ടാണ് പുതിയ കാലത്തും സമസ്ത മുന്നോട്ട് പോകുന്നതെന്നും കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

