

ദോഹ: രാഷ്ട്രവും കാലവും വെല്ലുവിളികളിലൂടെ കടന്ന് പോകുമ്പോള്‍ രാജ്യ താല്പര്യത്തിലൂന്നിയ നന്മകളുടെ പ്രവര്‍ത്തങ്ങളിലൂടെ പ്രശ്ന പരിഹാരത്തിനായുള്ള നല്ല പാഠങ്ങള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്ന് പഠിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി സൈതലവി അഭിപ്രായപ്പെട്ടു. ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മറ്റി അടയാത്ത വാതില്‍ എന്ന പേരില്‍ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈകാരികാവേശത്തിനടിപ്പെടാതെ ഒരു ജനതയെ വിവേകവും സംയമനവും കൈമുതലാക്കി ദീര്‍ഘദൃഷ്ടിയോടെ മുന്നില്‍ നിന്ന് നയിച്ചത്തിന് ശിഹാബ് തങ്ങളോളം മികച്ച മറ്റുദാഹരണങ്ങള്‍ ഏറെയില്ല എന്നത് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഒരു പാഠമാവേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സംയമനത്തിന്റെ നിലപാടിനെ ആദ്യ ഘട്ടത്തില്‍ വിമര്‍ശിച്ചവര്‍ക്ക് പോലും പിന്നീട് അദ്ദേഹത്തെ അംഗീകരിക്കേണ്ടി വന്നതിന് ഒട്ടനവധി ഉദാഹരണങ്ങളുള്ളത് അദ്ദേഹത്തിന്റെ വിശാല കാഴ്ചപ്പാടിന്റെ മികച്ച ഉദാഹരണമാണെന്ന് സി പി സൈതലവി കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ കെ എംസി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ആക്ടിങ് ചെയര്മാന് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ഹുസൈന് കുട്ടി, കോഴിക്കോട് ജില്ലാ എം എസ് എഫ് വൈസ് പ്രസിഡണ്ട് സി പി അജ്മല്‍, ഉപദേശക സമിതി വൈസ് ചെയര്മാന് സി വി ഖാലിദ്, പരിപാടിയുടെ മുഖ്യ പ്രായോജകര്‍ സിഗ്മ ലൈഫ് എം ഡി ഫൈറൂസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിമാന കമ്പനികള്‍ കേരളത്തിലേക്ക് ഈടാക്കുന്ന അമിതമായ ടിക്കറ്റ് ചാര്‍ജിലുള്ള പ്രതിഷേധവും കരിപ്പൂര്‍ വിമാനത്താവള വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സംസ്ഥാന കെ എം സി സി കമ്മിറ്റിയുടെ പ്രമേയം വൈസ് പ്രസിഡണ്ട് അന്‍വര്‍ ബാബു അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. മുഹമ്മദ് സയീദ് ഖിറാഅത്തും ഖത്തര്‍ കെ എം സി സി സംസ്ഥാന ഭാരവാഹികളായ കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു, ബഷീര്‍ ടി ടി കെ, അബൂബക്കര്‍ പുതുക്കുടി, ആദം കുഞ്ഞി, സിദ്ദിഖ് വാഴക്കാട്, അലി മൊറയൂര്‍, ഷമീര്‍ പട്ടാമ്പി, ഫൈസല്‍ മാസ്റ്റര്‍, ഉപദേശകസമിതി അംഗങ്ങള്‍, ജില്ലാ, ഏരിയ, മണ്ഡലം, ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.

