

കൊച്ചി: പര്‍ദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്കിലെ പ്രമുഖ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുന്ന കണ്ണൂര്‍ ഓണക്കുന്ന് കരുവള്ളൂര്‍ മുല്ലേഴിപ്പാറ വീട്ടില്‍ അഭിമന്യു എം എ എന്ന ബി ടെക് ബിരുദധാരിയായ യുവാവിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ലുലു മാളില്‍ എത്തിയ ഇയാള്‍ കൈയില്‍ കരുതിയിരുന്ന പര്‍ദ്ദ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ധരിക്കുകയും തുടര്‍ന്ന് സ്ത്രീകളുടെ ശുചിമുറിക്കുള്ളില്‍ കയറുകയുമായിരുന്നു. ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചതിനു ശേഷം അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശുചിമുറിയുടെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചു വെച്ചു. തുടര്‍ന്ന് അവിടെ നിന്നും പുറത്തിറങ്ങിയ പ്രതി ശുചിമുറിയുടെ പ്രധാന വാതിലിന് മുന്‍പില്‍ നിന്നു പരുങ്ങുകയും ഇയാളുടെ ചേഷ്ടകളും പെരുമാറ്റവും കണ്ട് സംശയം തോന്നിയ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ പെണ്‍ വേഷം കെട്ടിയതാണെന്നും ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന കാര്യവും തിരിച്ചറിഞ്ഞത്. ഇയാള്‍ വീഡിയോ പകര്‍ത്തുവാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ധരിച്ചിരുന്ന പര്‍ദ്ദയും മറ്റും പൊലീസ് പിടിച്ചെടുത്തു.

കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ അജയകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മനാഫ്, സീനിയര്‍ സി പി ഒ സുമേഷ്, അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

