ഫലസ്തീന്‍: പ്രതിരോധം ഭീകരതയല്ലെന്ന് ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

കോഴിക്കോട്: ജീവനും സ്വത്തിന്നും നേരെയുണ്ടാവുന്ന അക്രമണങ്ങളെ ചെറുക്കുന്നത് ഭീകതയല്ലെന്നും അതിനാല്‍ ഫലസ്തിനികള്‍ക്ക് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും പ്രമുഖ മുസ്‌ലിം പണ്ഡിതനും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പാളയം പള്ളിയില്‍ ജുമുഅ ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

ഏഴര പതിറ്റാണ്ട് കാലമായി ഫലസ്തീനികള്‍ സയണിസത്തിന്റെ ക്രൂരതയാല്‍ കഷ്ടപ്പെടുകയാണ്. ഇസ്രയേലിന്റെ അധിനിവേശത്തിന്നെതിരിയില്‍ യുദ്ധം ചെയ്യുന്ന ഫലസ്തീനികള്‍ സ്വാതന്ത്ര്യ സമര പോരാളികളാണ്. അതിനാല്‍ അവര്‍ ഭീകരവാദികളല്ല. എന്താണ് ഭീകരത എന്നതിന്ന് ലോകം അംഗീകരിച്ച നിര്‍വചനമുണ്ട്. അതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇതുവരെ ഫലസ്തീനില്‍ പൊരുതുന്ന ഒരു പാര്‍ട്ടിയെയും ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലാത്തത്.

ഹമാസിനോട് യോജിക്കാം, വിയോജിക്കാം. അതുകൊണ്ടൊന്നും ഇപ്പോള്‍ നടക്കുന്ന യുദ്ധം ഭീകരതയാണെന്ന് പറയുന്നത് ശരിയല്ല. അതുകൊണ്ട് തന്നെയാണ് വ്യത്യാസം നോക്കാതെ നിരവധി ലോക രാഷ്ട്രങ്ങള്‍ ഫലസ്തീന്‍ പോരാളികള്‍ക്കൊപ്പം നില്‍ക്കുന്നത്.

- Advertisement -
Ad image

സൗദിയും ഇറാനും എല്ലാ അറബ് രാഷ്ട്രങ്ങളും ലോക ഇസ്‌ലാമിക പണ്ഡിതസഭകളും ഫലസ്തീനിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടണ്‍ ബ്രിട്ടീഷുകാരുടേതാണെന്നത് പോലെ ഫലസ്തീന്‍ ഫലസ്തീനികളുടെതാണ് എന്ന ഗാന്ധിജിയുടെ പ്രഖ്യാപനം നീതിയുടെ ശബ്ദമാണ്. ഇന്ത്യയിലെ ജനങ്ങളും എല്ലാ മതേതര പാര്‍ട്ടികളും ഫലസ്തീന്‍ പക്ഷത്താണ്.

ഇങ്ങോട്ട് യുദ്ധം ചെയ്യുകയും വീടുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നവരെ ചെറുത്ത് നില്‍ക്കുന്നത് കുറ്റമല്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ചെറുത്ത് നില്‍പില്‍ മരണം വരിക്കേണ്ടി വന്നാല്‍ അത് രക്തസാക്ഷ്യമാണെന്ന് (ശഹീദ്) മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.

ഫലസ്തീന്‍ ചരിത്രം പഠിക്കാതെ ഫലസ്തീനികളെ ഭീകരന്മാര്‍ എന്ന് വിളിക്കുന്നത് ക്രൂരതയാണെന്നും ഹുസൈന്‍ മടവൂര്‍ വിശദീകരിക്കുകയും ഫലസ്തീനികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥന നടത്തുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!