യുവതി ആത്മഹത്യ ചെയ്‌തെന്ന കേസ് അന്വേഷിച്ചപ്പോള്‍ കൊലപാതകമായി; ഭര്‍ത്താവ് അറസ്റ്റില്‍

Web Desk
1 Min Read

ചോറ്റാനിക്കര: യുവതി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ട സംഭവത്തില്‍ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ കൊലപാതകം തെളിഞ്ഞു. യുവതിയുടെ ഭര്‍ത്താവ് ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടില്‍ ഷൈജു (37)വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു.

city exchange

ഡിസംബര്‍ 25നാണ് സംഭവം നടന്നത്. ഇയാളുടെ ഭാര്യ ശാരി വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടുവെന്നാണ് പൊലീസില്‍ പരാതി ലഭിച്ചത്. രക്ഷിക്കുന്നതിനു വേണ്ടി ഭര്‍ത്താവ് ഷാള്‍ മുറിച്ച് ശാരിയെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെന്നും പറഞ്ഞു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഭാര്യയെ സംശയത്തിന്റെ പേരില്‍ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 25ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് അവശനിലയിലായ ശാരിയെ കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കുകയും മരണം ഉറപ്പാക്കാന്‍ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും മൂക്കിലും ചേര്‍ത്ത് അമര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷാളുകള്‍ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലില്‍ കെട്ടിത്തൂക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിന് കഴിയാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചോറ്റാനിക്കരയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും സംഭവസ്ഥലത്തെ തെളിവും ഷൈജുവിന്റെ മൊഴിയും സാക്ഷിമൊഴികളും അന്വേഷണത്തിന് നിര്‍ണ്ണായകമായി.

- Advertisement -
Ad image

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പുത്തന്‍കുരിശ് ഡി വൈ എസ് പി ടി ബി വിജയന്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ പി ജയപ്രസാദ്, കെ ജി ഗോപകുമാര്‍, ഡി എസ് ഇന്ദ്രരാജ്, വി രാജേഷ് കുമാര്‍, എ എസ് ഐ ബിജു ജോണ്‍, സി പി ഒ രൂപേഷ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!