
റിയാദ്: ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ മുന്‍കൂട്ടി അനുവാദം വാങ്ങി നിര്‍വഹിക്കണമെന്ന് ഇസ്ലാമിക് അഫയേഴ്സ് കോള്‍ ആന്റ് ഗൈഡന്‍സ് മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ശൈഖ് അറിയിച്ചു. പള്ളികളിലെ ലൈബ്രറികളിലുള്ള പുസ്തകങ്ങള്‍ പരിശോധിച്ച് തീവ്രവാദമോ പക്ഷപാതിത്വമോ ഉള്ളവ നീക്കം ചെയ്യുമെന്നും ആവശ്യപ്പെട്ടു.

അനുവാദം വാങ്ങാതെ മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മന്ത്രാലയവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും വേണം.

പള്ളി ഇമാമുമാര്‍ ഉള്‍പ്പെടെ പ്രബോധകര്‍, മുഅദ്ദിന്മാര്, മുഴുസമയ- പാര്‍ട്ട് ടൈം ജീവനക്കാര്‍ തുടങ്ങി പള്ളി ജീവനക്കാരെ അഭിസംബോധന ചെയ്താണ് മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പള്ളികളിലെ ലൈബ്രറികള്‍ ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ അറിവ് തേടുന്നവര്‍ക്ക് ബൗദ്ധിക കലവറാണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. അതുകൊണ്ടുതന്നെ പ്രയോജനകരമായവ നിലനിര്‍ത്തി തീവ്രവാദത്തിനോ പക്ഷപാതത്വത്തിനോ ആഹ്വാനം ചെയ്യുന്നവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രി നിര്‍ദ്ദേശിച്ചു. ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാനും അംഗീകാരമില്ലാത്ത ഒരു പുസ്തകവും ലൈബ്രറിയില്‍ ഇല്ലെന്ന് ഉറപ്പു വരുത്താനും പള്ളി ജീവനക്കാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ പങ്ക് സജീവമാക്കുന്നതിന് മന്ത്രാലയമോ മറ്റ് ഏജന്‍സികളോ നടത്തുന്ന സുരക്ഷാ കോഴ്സുകളില്‍ പങ്കെടുക്കാന്‍ രാജ്യത്തെ എല്ലാ മേഖലകളിലേയും പള്ളി ജീവനക്കാരോടും മന്ത്രി അഭ്യര്‍ഥിച്ചു.
വിശ്വാസികള്‍ക്ക് നല്ല രീതിയില്‍ മതവിധികളും വിശദീകരിച്ച് നല്‍കണമെന്നും മര്യാദകളും ധാര്‍മികതയും പാലിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറയാനും മികച്ച പൗരന്മാരാകാനും ഭരണാധികാരികളെ അനുസരിക്കാനും അനാവശ്യ സംസാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പ്രബോധകര്‍ക്ക് നിര്‍ദ്ദേശം നല്കി.


