ബഹ്റൈന്‍- കേരള എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കല്‍: കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തുനല്‍കി ഷാഫി പറമ്പില്‍ എം പി

Web Desk
1 Min Read

മനാമ: ബഹ്റൈന്‍- കേരള മേഖലയില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നത് മൂലം ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയില്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹന്‍ നായിഡുവിന് കത്തയച്ച് വടകര എം പി ഷാഫി പറമ്പില്‍. എയര്‍ ഇന്ത്യയുടെ അപ്രതീക്ഷിത നടപടി പ്രവാസികളുടെ ജീവനോപാധിയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെട്ട് സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും എം പി ആവശ്യപ്പെട്ടു.

city exchange

അവധി കഴിഞ്ഞ് കൃത്യസമയത്ത് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാക്കപ്പെടാനും ജോലി നഷ്ടപ്പെടാനും സാധ്യതയുള്ള സാധാരണ തൊഴിലാളികളാണ് എയര്‍ ഇന്ത്യയുടെ നടപടി മൂലം ദുരിതത്തിലായിരിക്കുന്നതെന്ന് കത്തില്‍ എം പി ചൂണ്ടിക്കാട്ടി.

അവസാന നിമിഷം മറ്റ് വിമാനക്കമ്പനികളുടെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് താങ്ങാന്‍ നിര്‍ധനരായ പ്രവാസികള്‍ക്ക് സാധിക്കില്ലെന്നും അവസാന നിമിഷം ടിക്കറ്റെടുക്കാന്‍ ശ്രമിച്ചാല്‍ മറ്റ് വിമാനങ്ങളില്‍ പലപ്പോഴും ടിക്കറ്റുകള്‍ ലഭ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ അവസാന വാരത്തിലേക്ക് മാറ്റിവെച്ച സര്‍വീസുകള്‍ ആഗസ്റ്റ് 2-ലേക്ക് പുതുക്കി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ആഗസ്റ്റ് 10 വരെ സര്‍വീസുകള്‍ വീണ്ടും പൂര്‍ണ്ണമായി റദ്ദാക്കുകയാണുണ്ടായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

ഇതേ റൂട്ടില്‍ മറ്റ് വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ തടസ്സമില്ലാതെ നടത്തുമ്പോഴാണ് എയര്‍ ഇന്ത്യയില്‍ നിന്ന് തുടര്‍ച്ചയായ വീഴ്ച ഉണ്ടാകുന്നത്.

ഓണം പ്രമാണിച്ച് നാട്ടിലേക്ക് വരാനും തിരികെ പോകാനും കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശങ്കയാണ് ഈ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.

വളരെ കൃത്യമായ അവധി ദിനങ്ങള്‍ മാത്രം കൈമുതലായുള്ള സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെ ജീവിതവും ജീവനോപാധിയുമാണ് എയര്‍ ഇന്ത്യയുടെ ഈ അപാകത മൂലം അപകടത്തിലാകുന്നത്. ഇതൊരു അടിയന്തര മാനുഷിക വിഷയമായി പരിഗണിച്ച് ബഹ്റൈന്‍- കേരള റൂട്ടില്‍ സാധാരണ വിമാന സര്‍വീസുകള്‍ ഉടനടി പുനഃസ്ഥാപിക്കാന്‍ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ഷാഫി പറമ്പില്‍ എം പി കത്തില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!