
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വന്‍ തീപിടിത്തം. ഡ്രോണ്‍ ഇന്ധന ടാങ്കില്‍ പതിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് അധികാരികള്‍ അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാന്‍ ദുബായ് സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനത്താവളത്തിലെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാര്‍ അവരുടെ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ടെലിഫോണ്‍ സംഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
അതേസമയം ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍സിദാനിയും യു എ ഇ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷാ സാഹചര്യവും ഇരുവരും ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

