
മസ്‌കത്ത്: തെക്കന്‍ തീരത്ത് തകര്‍ന്ന നിലയില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണക്കപ്പലില്‍ നിന്നുള്ള വ്യാപകമായ എണ്ണച്ചോര്‍ച്ച നിയന്ത്രിക്കാന്‍ ഒമാന്‍ നടപടി തുടങ്ങി. ഒരു മാസത്തിലേറെയായി സംരക്ഷിത സമുദ്രമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലില്‍ നിന്നുള്ള എണ്ണ ഏകദേശം 400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചതായാണ് ഒമാന്‍ പരിസ്ഥിതി അതോറിറ്റി അറിയിച്ചത്.

ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം എണ്ണച്ചോര്‍ച്ച തീരത്തുനിന്ന് ഏകദേശം ഏഴ് കിലോമീറ്റര്‍ പരിധിയിലാണ് വ്യാപിച്ചിരിക്കുന്നതെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

അതേസമയം, ഉപഗ്രഹചിത്രങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ എണ്ണപ്പാടിന്റെ വിസ്തൃതി ഏകദേശം 600 ചതുരശ്ര കിലോമീറ്ററാണെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് വിലയിരുത്തിയിരുന്നു.
കപ്പല്‍ ഗതാഗത വിവരങ്ങള്‍ പ്രകാരം കരോലിന്‍ ബെസെന്‍ഗി എന്ന എണ്ണക്കപ്പല്‍ ഏപ്രിലില്‍ റഷ്യയിലെ കരിങ്കടല്‍ തുറമുഖമായ നോവോറോസിസ്‌കില്‍ നിന്ന് എണ്ണ കയറ്റി യാത്ര തിരിച്ചിരുന്നു. മെയ് അവസാനത്തോടെ സൂയസ് കനാല്‍ കടന്ന കപ്പല്‍ ജൂണ്‍ ആദ്യം ഒമാനിലെ അല്‍- ഖിബ്‌ലിയ്യ ദ്വീപിന് സമീപം അപകടത്തില്‍പ്പെട്ട് കുടുങ്ങുകയായിരുന്നു. കപ്പലിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് അതിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം കയറിയതായി എ എഫ് പിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
ഒമാനിലെ ഹല്ലാനിയാത്ത് ദ്വീപ് സമൂഹത്തിന് ചുറ്റുമാണ് എണ്ണപ്പാട് പ്രധാനമായും വ്യാപിച്ചിരിക്കുന്നത്. അപൂര്‍വ ഇനങ്ങളിലുള്ള കടലാമകള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന സമുദ്രജീവികളുടെ ആവാസകേന്ദ്രമായ ഈ പ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിനായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് കഴിഞ്ഞ വര്‍ഷം ഇവിടെ സമുദ്ര സംരക്ഷിത മേഖല പ്രഖ്യാപിച്ചിരുന്നു.
പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ അടിയന്തര നടപടി ആവശ്യമാണെന്ന് ഒമാന്‍ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. പവിഴപ്പുറ്റുകള്‍, കടലാമകളുടെ പ്രജനന മേഖലകള്‍, സമുദ്ര ആവാസവ്യവസ്ഥകള്‍, പരിസ്ഥിതിപരമായി പ്രാധാന്യമുള്ള തീരപ്രദേശങ്ങള്‍ എന്നിവ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അതോറിറ്റി പറഞ്ഞു.
അധികൃതര്‍ വ്യോമനിരീക്ഷണം നടത്തുകയും മുങ്ങല്‍ വിദഗ്ധരെ സ്ഥലത്ത് വിന്യസിക്കുകയും ചെയ്തതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്നുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും കപ്പല്‍ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്രപരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി കപ്പലിലെ എണ്ണ മറ്റൊരു കപ്പലിലേക്ക് മാറ്റാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എണ്ണച്ചോര്‍ച്ചയ്ക്ക് കാരണമായത് എന്താണെന്ന് ഒമാന്‍ അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഏകദേശം 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഏഷ്യയിലേക്ക് കൊണ്ടുപോകുകയായിരുന്ന കപ്പലില്‍ നിന്നുള്ള ചോര്‍ച്ച വലിയ പരിസ്ഥിതി ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് ഗ്രീന്‍പീസും ഡച്ച് സമാധാന സംഘടനയായ പാക്‌സും എ എഫ് പിയോട് പറഞ്ഞു.
റഷ്യയുടെ എണ്ണ കയറ്റുമതിക്കെതിരായ പാശ്ചാത്യ ഉപരോധങ്ങള്‍ മറികടക്കാന്‍ ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന റഷ്യയുടെ ‘ഷാഡോ ഫ്‌ളീറ്റി’ന്റെ ഭാഗമാണ് കപ്പലെന്നാണ് കരുതുന്നത്. യഥാര്‍ഥ ഉടമസ്ഥാവകാശം മറച്ചുവയ്ക്കുന്നതിനായി വിവിധ രാജ്യങ്ങളുടെ പതാകകള്‍ക്ക് കീഴില്‍ ഇത്തരം കപ്പലുകള്‍ സര്‍വീസ് നടത്താറുണ്ട്.
പഴക്കമേറിയ നിരവധി കപ്പലുകള്‍ ഉള്‍പ്പെടുന്ന ഈ കപ്പല്‍ ശൃംഖലയിലെ കപ്പലുകളുടെ അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ്, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ച് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയന്‍, യുക്രെയ്ന്‍, ബ്രിട്ടന്‍, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവ ഏര്‍പ്പെടുത്തിയ ഉപരോധ പട്ടികയിലും കരോലിന്‍ ബെസെന്‍ഗി ഉള്‍പ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗള്‍ഫ് മേഖലയിലെ എണ്ണക്കപ്പലുകള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

