
ദോഹ: ഖത്തറിലെ പ്രമുഖ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററായ റിയാദ മെഡിക്കൽ സെന്ററിന് ആരോഗ്യപരിപാലന രംഗത്തെ ഏറ്റവും ഉയർന്ന നിലവാര സൂചകങ്ങളിലൊന്നായ ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ (ജെ സി ഐ) അക്രഡിറ്റേഷൻ വീണ്ടും ലഭിച്ചു.

രോഗികളുടെ സുരക്ഷ, മികച്ച ചികിത്സാ സേവനങ്ങൾ, ഗുണനിലവാരമുള്ള ആരോഗ്യപരിപാലനം എന്നിവ ഉറപ്പാക്കുന്നതിനുള്ള റിയാദ മെഡിക്കൽ സെന്ററിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

രോഗി പരിചരണം, രോഗി സുരക്ഷ, നേതൃത്വവും ഭരണ സംവിധാനങ്ങളും, മെഡിക്കൽ റെക്കോർഡ് സംവിധാനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ജെ സി ഐ വീണ്ടും അക്രഡിറ്റേഷൻ നൽകിയത്. 2023 മേയ് 25-ന് ആദ്യമായി ജെ സി ഐ അക്രഡിറ്റേഷൻ നേടിയ റിയാദ മെഡിക്കൽ സെന്റർ, തുടർന്നുള്ള കാലയളവിലും അന്താരാഷ്ട്ര നിലവാരങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് സേവനം തുടർന്നത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീണ്ടും ജെ സി ഐ അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഈ നേട്ടത്തെക്കുറിച്ച് പ്രതികരിച്ച റിയാദ മെഡിക്കൽ സെന്റർ മാനേജ്മെന്റ്, രോഗികളുടെ സുരക്ഷയ്ക്കും ചികിത്സയുടെ ഗുണനിലവാരത്തിനും നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ജെ സി ഐ അംഗീകാരമെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരങ്ങൾ പാലിച്ചുകൊണ്ട് മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനുള്ള പ്രതിബദ്ധത തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്‌ദുൽ കലാം പറഞ്ഞു: “രോഗി സുരക്ഷയ്ക്കും ക്ലിനിക്കൽ മികവിനും ഞങ്ങൾ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ അംഗീകാരം. അന്താരാഷ്ട്ര നിലവാരങ്ങൾ പാലിച്ചുകൊണ്ട് മികച്ച ആരോഗ്യ സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇതിലൂടെ വീണ്ടും ഉറപ്പിക്കുന്നു.”
ദോഹയിലെ സി-റിംഗ് റോഡിൽ പ്രവർത്തിക്കുന്ന റിയാദ മെഡിക്കൽ സെന്റർ 18-ലധികം സ്പെഷ്യാലിറ്റികളിലും 30-ലധികം വിദഗ്ധ ഡോക്ടർമാരിലൂടെയും ജെ സി ഐ അംഗീകൃത ആരോഗ്യ സേവനങ്ങൾ നൽകുന്നു. റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഒബ്സ്ടെട്രിക്സ്, പീഡിയാട്രിക്സ് തുടങ്ങിയ വിഭാഗങ്ങളിലും സമഗ്രമായ ആരോഗ്യ സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്.

