
ദോഹ: സഹായങ്ങള്‍ സ്വീകരിക്കാനും ആഭ്യന്തര സര്‍വീസിനുമായി കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക സംഘത്തിന് സാധിച്ചതായി അഫ്ഗാനിസ്ഥാനിലെ ഖത്തര്‍ അംബാസഡറെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്സ്.

അഫ്ഗാനിസ്ഥാന് അധികൃതരുമായി ചേര്‍ന്ന് വിമാനത്താവള റണ്‍വേയിലെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി. പുനര്‍ പ്രവര്‍ത്തനം ആരംഭിച്ച ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മസാര്‍ ഇ ശരീഫിലേക്കും കാണ്ഡഹാറിലേക്കും രണ്ട് ആഭ്യന്തര സര്‍വീസുകള്‍ നടത്തിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.


യു എസ് സൈനിക- സിവിലിയന്‍ ഒഴിപ്പിക്കലിന് പിന്നാലെ ആഗസ്ത് അവസാനമാണ് കാബൂള്‍ വിമാനത്താവളം അടച്ചത്. അഫ്ഗാനിസ്ഥാന് വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരക്ഷിതമായ യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് താലിബാന് അറിയിച്ചിരുന്നു. കാബൂള്‍ കൂടി കീഴടക്കി താലിബാന് അഫ്ഗാനിസ്ഥാനിലെ ഭരണത്തിലെത്തുമെന്ന് തീര്‍ച്ചയായതോടെ നിരവധി പേരാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്തത്.


