
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ കോഴിക്കോട്ടെത്തും
തിരുവനന്തപുരം: നിപ ബാധിച്ച് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവിലെത്തിയാണ് ആരോഗ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.

പൂനെയില്‍ നടത്തിയ പരിശോധനകളില്‍ മൂന്ന് റിപ്പോര്‍ട്ടുകളില്‍ നിപ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രണ്ടു റിപ്പോര്‍ട്ടുകള്‍ കൂടി വരാനുണ്ട്. അവ ഇന്ന് ലഭിച്ചേക്കും.

കോവിഡ് ബാധിച്ച കുട്ടിയുടെ പനിയും അസുഖവും മാറാതിരുന്നതിനെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടിയുടെ സമ്പര്‍ക്ക ബാധിതരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. ആരോഗ്യമന്ത്രിക്കു പുറമേ ന്യൂഡല്‍ഹിയില്‍ നിന്നുള്ള സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘം ഇന്ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കോഴിക്കോട് ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരുന്നുണ്ട്. ആരോഗ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രാഥമിക സമ്പര്‍ക്കം തിരിച്ചറിഞ്ഞതായി മന്ത്രി അറിയിച്ചു. കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുണ്ട്
ആരോഗ്യവകുപ്പ് പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കിയതായും വീണാ ജോര്‍ജ്ജ് പറഞ്ഞു. പ്രതിരോധ നടപടികള്‍ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു.
കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.
മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ബാരിക്കേഡ് ഉപയോഗിച്ച് റോഡുകള്‍ പൂര്‍ണമായും പൊലീസ് അടച്ചു. നിപ സ്ഥിരീകരിച്ച ചാത്തമംഗലത്തെ വാര്‍ഡ് പൂര്‍ണമായും അടച്ചു. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിച്ചു.


