
ഗാസ: തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും കൂടാരങ്ങളിലുമായി ഗാസ പട്ടണവാസികള്‍ വിശുദ്ധ റമദാന്‍ മാസത്തെ വീണ്ടും വരവേല്‍ക്കുന്നു. 2023 ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രായേല്‍ ആക്രമണത്തിനുശേഷം മൂന്നാം തവണയാണ് അവര്‍ ഈ പുണ്യമാസത്തെ വരവേല്‍ക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലുണ്ടായ വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സമാധാനവും നന്മയും കൈവരിക്കാമെന്ന പ്രത്യാശ ജനങ്ങള്‍ക്കുണ്ട്. എന്നാല്‍, ഇസ്രായേല്‍ ഉപരോധവും ആവശ്യമായ സഹായങ്ങളുടെ പ്രവേശനത്തിലെ നിയന്ത്രണങ്ങളും തുടരുന്നതിനാല്‍ മനുഷ്യാവകാശ ദുരിതങ്ങള്‍ നിലനില്‍ക്കുകയാണ്.

ലോകമെമ്പാടുമുള്ള മുസ്ലിംകളെ പോലെ ഗാസയിലെ ജനങ്ങളും റമദാനിനെ പ്രാര്‍ഥനയും ആരാധനയും ഖുര്‍ആന്‍ പാരായണവും മുഖേനയാണ് കൊണ്ടാടുന്നത്. അതേസമയം, ഫലസ്തീനിയന്‍ കുടുംബങ്ങളും സ്ത്രീകളും പാരമ്പര്യവും സ്വത്വവും നിറഞ്ഞ പ്രശസ്ത ഫലസ്തീനിയന്‍ വിഭവങ്ങള്‍, പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവയിലൂടെ റമദാന്‍ വിരുന്നിനെ സമൃദ്ധമാക്കാന്‍ പരിശ്രമിക്കുന്നു.
റമദാന്‍ മാസവുമായി ചേര്‍ന്നുനില്‍ക്കുന്ന പാചകപരമ്പരകള്‍ ഗാസയില്‍ ഏറെക്കാലമായി നിലനിന്നുവരുന്നവയാണ്. എന്നാല്‍ യുദ്ധവും ഭക്ഷ്യക്ഷാമവും മാംസം, കോഴി, മത്സ്യം എന്നിവ പോലുള്ള അടിസ്ഥാന ചേരുവകളുടെ വില വര്‍ധനവും റമദാനിലെ ഭക്ഷണരീതികളെ ഗണ്യമായി ബാധിച്ചു. ചില പരമ്പരാഗത വിഭവങ്ങള്‍ ചേരുവകളുടെ അഭാവം കാരണം പൂര്‍ണമായും അപ്രത്യക്ഷമായി.
നിരവധി ഫലസ്തീനിയന്‍ കുടുംബങ്ങള്‍ റമദാന്റെ ആദ്യ ദിവസം മുളുഖിയ, വെള്ളച്ചോറ്, നിറച്ച കോഴി എന്നിവയോടെ നോമ്പുതുറക്കുന്നത് ഒരു പാരമ്പര്യമായിരുന്നുവെന്നാണ് 50കാരിയായ ഉം ബിലാല്‍ മുഹൈസന്‍ പറയുന്നത്. യുദ്ധത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ഗാസ നഗരത്തിലെ ഒരു കൂടാരത്തിലാണ് ഇപ്പോള്‍ ഉം ബിലാല്‍ മുഹൈസന്‍ കഴിയുന്നത്. ഉയര്‍ന്ന വിലയും ദാരിദ്ര്യവും കാരണം ആ പാരമ്പര്യം ഏറെക്കുറെ നഷ്ടമായെന്നും അവര്‍ ഖത്തര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
മഖ്‌ലൂബ, ഗാസ രീതിയിലുള്ള ഫത്ത, വിവിധ നിറച്ച പച്ചക്കറികള്‍ എന്നിവയും റമദാന്‍ വിരുന്നിലെ പ്രധാന വിഭവങ്ങളായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മഫ്തൂല്‍, വെണ്ട, കോളിഫ്‌ളവര്‍, പച്ചപ്പയര്‍, നിറച്ച സുക്കിനി, പരമ്പരാഗത സുമഗിയ്യ തുടങ്ങിയവയും സാധാരണമായിരുന്നു.
മുസഖന്‍, ഖിദ്ര പോലുള്ള പാരമ്പര്യ വിഭവങ്ങളും റമദാനില്‍ പ്രധാനമായിരുന്നു. പ്രത്യേക ഫലസ്തീനിയന്‍ മസാലകളുമായി തയ്യാറാക്കുന്ന മഞ്ഞ അരി, കടല, ഇറച്ചി, നെയ്യ് എന്നിവ ചേര്‍ത്ത് മണ്‍പാത്രങ്ങളില്‍ പാകം ചെയ്യുന്ന ഖിദ്ര ഗാസയുടെ പാരമ്പര്യഭക്ഷണങ്ങളില്‍ ശ്രദ്ധേയമാണ്.
എന്നാല്‍ യുദ്ധം വീടുകളും പ്രദേശങ്ങളും മാത്രമല്ല, ദീര്‍ഘകാല ഭക്ഷണരീതികളെയും തകര്‍ത്തുവെന്ന് അവര്‍ പറഞ്ഞു. പല കുടുംബങ്ങള്‍ക്കും ഇപ്പോള്‍ പരിമിതമായ ഭക്ഷണവും പാനീയങ്ങളും മാത്രമാണുള്ളത്.
യുദ്ധം റമദാനിലെ ഭക്ഷണപരമ്പരകളെയും കൂട്ടായ വിരുന്നുകളെയും ഗൗരവമായി ബാധിച്ചുവെന്നും യുദ്ധത്തിന് മുമ്പ് റമദാനില്‍ വലിയ കുടുംബസംഗമങ്ങളും ബഫേ വിരുന്നുകളും സാധാരണമായിരുന്നുവെന്നും ഗാസ നഗരത്തിലെ ഒരു പ്രശസ്ത റസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ മുഅതസ് അബ്ദോ പറഞ്ഞു. വരുമാനനഷ്ടവും ദുഷ്‌കരമായ ജീവിതാവസ്ഥകളും കാരണം റസ്റ്റോറന്റുകളില്‍ ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ഗാസയിലെ വീടുകളും റസ്റ്റോറന്റുകളും ഒരിക്കല്‍ കബാബ്, മിശ്ര ഗ്രില്‍, സലാഡ്, കിബ്ബെ, മുന്തിരിയില, ഹുമസ് തുടങ്ങിയ വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു. ഖറൂബ്, ഹിബിസ്‌കസ്, തമരിന്ദ്, ഖമര്‍ അല്‍-ദീന്‍ തുടങ്ങിയ പാനീയങ്ങളും പതിവായിരുന്നു.
മധുരങ്ങളില്‍ ഖതായിഫ്, നാബുല്‍സി കുനാഫ, അറബിക് കുനാഫ, കൊലാജ്, ഹലാവത് അല്‍-ജിബ്‌ന്, ബസ്വൂസ, നമൂറ തുടങ്ങിയവ പ്രധാനമായിരുന്നു. എന്നാല്‍ ഇവയെല്ലാം ഇപ്പോള്‍ പലര്‍ക്കും ചെലവേറിയവയായി മാറിയതായി അബ്ദോ പറഞ്ഞു.
മന:ശ്ശാസ്ത്രജ്ഞയും സാമൂഹിക വിദഗ്ധയുമായ നൂഹ ഒദെ പറഞ്ഞത് യുദ്ധം ഗാസയിലെ റമദാന്‍ ആചാരങ്ങളെ ആഴത്തില്‍ ബാധിച്ചുവെന്നും മുമ്പ് ആത്മീയതയും കുടുംബസ്‌നേഹവും ഭക്ഷണസമ്പത്തും നിറഞ്ഞിരുന്ന റമദാന്‍ ഇപ്പോള്‍ ഭയവും വിശപ്പും നിറഞ്ഞ കാലമായി മാറിയതായും അവര്‍ ചൂണ്ടിക്കാട്ടി.
കൂട്ടായ ഇഫ്താര്‍ സംഗമങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ അഭയകേന്ദ്രങ്ങളിലോ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളിലോ നോമ്പുതുറക്കുകയാണ്. റമദാന്‍ ഇനി പഴയതുപോലെയല്ലെന്ന് ഒദെ പറഞ്ഞു നിര്‍ത്തി.
സമൃദ്ധിയിലായിരുന്ന പല കുടുംബങ്ങളും ഇന്ന് ദുരിതത്തിലാണെങ്കിലും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് വിശ്വാസത്തോടെയും ക്ഷമയോടെയും റമദാന്‍ പാരമ്പര്യങ്ങളെ സംരക്ഷിക്കാന്‍ ഗാസയിലെ ഫലസ്തീനിയന്‍ ജനങ്ങള്‍ തുടരുകയാണ്.

