
കൊച്ചി: റോട്ടറി ഇന്റര്‍നാഷണല്‍ 3205 ഡിസ്ട്രിക്ട് കോണ്‍ഫറന്‍സ് ‘റിനൈസന്‍സ്’ സിയാല്‍ ട്രേഡ് ഫെയര്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ തുടങ്ങി.

നിയമത്തിന്റെ ആധിപത്യം നിലനിര്‍ത്തുന്നത് കോടതികളാണെങ്കില്‍ സേവനത്തിന്റെ ആത്മാവിനെ നിലനിര്‍ത്തുന്നത് റോട്ടറിയാണെന്ന് റിനൈസന്‍സ് ഉദ്ഘാട ചടങ്ങില്‍ മുഖ്യാതിഥി കേരള ഹൈക്കോടതി ജഡ്ജി ഡോ. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. നിയമവും സേവനവും ഒരുമിച്ച് നടക്കുമ്പോള്‍ ജനാധിപത്യം നിലനില്‍ക്കുന്നതു മാത്രമല്ല, അത് വളരുകയും സമൃദ്ധിയിലേക്ക് ഉയരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്തിനപ്പുറം സേവനം ചെയ്യുന്ന നേതൃത്വം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാനത്തിലും അവസരത്തിലും സമത്വവും സഹോദര്യവും വ്യക്തിയുടെ മാനവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കലുമാണ് നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ സംക്ഷിപ്തമായി ഉള്‍ക്കൊള്ളുന്ന നാലു മഹത്തായ അടിസ്ഥാന തത്വങ്ങള്‍. ഇവ സാക്ഷാത്കരിക്കണമെങ്കില്‍ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ കൊത്തിവെക്കുകയും മനസ്സില്‍ ഇത് ആഴത്തില്‍ പതിഞ്ഞിരിക്കണം. അത് സംഭവിക്കാതെയും പ്രസ്തുത തത്വങ്ങളെ ജീവിതാനുശാസനമായി ആചരിക്കാതെയും ഇരിക്കുകയാണെങ്കില്‍ നോബല്‍ ജേതാവായ കവി ടാഗോര്‍ ഗീതാഞ്ജലിയില്‍ പരാമര്‍ശിച്ച ‘സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ്ഗം’ നാം കൈവരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ യോഗത്തിന്റെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം ഉച്ചരിക്കുന്നതുകൊണ്ടു മാത്രം അത് പൂര്‍ത്തിയാകുന്നില്ല. ഭരണഘടനയുടെ ആമുഖം ഒരു യാന്ത്രിക ആചാരമല്ലെന്നും ആന്തരികമായി കൂടി ഉള്‍ക്കൊള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആശയങ്ങളോടുള്ള പ്രതിബദ്ധതയും ഏറ്റെടുത്ത സേവനാത്മാവിനോടുള്ള പ്രതിബദ്ധതയും ഉറപ്പിക്കുമ്പോള്‍ സമൂഹം ശരിയായ ദിശയില്‍ നയിക്കപ്പെടുമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ വ്യക്തമാക്കി.
നീതിയിലേക്കുള്ള പ്രവേശനം പണം ഉള്ളവര്‍ക്കു മാത്രം ലഭിക്കുകയും ദരിദ്രര്‍ക്ക് ലഭ്യമല്ലാതിരിക്കുന്നതും ഭീതിജനകമാണ്. ‘നാം ആരെയാണ് പിന്നില്‍ വിട്ടുപോകുന്നത്?’ എന്ന അത്യന്തം പ്രധാനപ്പെട്ട ചോദ്യം സ്വയം ഉന്നയിക്കണം.
വികസനത്തിന്റെ വേഗത്തില്‍ മുന്നേറുമ്പോള്‍ നമ്മളോടൊപ്പം നീങ്ങാന്‍ കഴിയാത്ത പലരും പിന്നിലാകുന്നുവെന്നത് ശ്രദ്ധിക്കാതെ പോകുന്നുണ്ട്. അവര്‍ക്കു അവസരം ലഭിച്ചിട്ടില്ലാത്തതിനാല്‍ വേഗത കൈവരിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട്, സേവനസ്ഥാപനങ്ങള്‍ ജീവിതവും കരിയറും മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഇത് മനസ്സില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എല്ലാ മനുഷ്യരുടെ ശബ്ദവും കേള്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ധനവും അധികാരവും പ്രശസ്തിയുമാണ് സാധാരണയായി വിജയമെന്ന് കണക്കു കൂട്ടാറുണ്ടെങ്കിലും ചെയ്യുന്ന കാര്യത്തില്‍ സന്തോഷമുള്ളതാണു വിജയമെന്നതാണ് പുതിയ നിര്‍വചനമെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത പത്മവിഭൂഷണ്‍ ഡോ. ഡി നാഗേശ്വര്‍ റെഡ്ഡി പറഞ്ഞു. സൗഹാര്‍ദ്ദവും വിജയവും നിറഞ്ഞ ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയമെന്നത് യാദൃശ്ചികതയല്ല അത് ഒരു മനോഭാവത്തിന്റെ ഫലമാണ്. കഴിയും എന്ന് വിശ്വസിച്ചാല്‍ അത് സാധിക്കും. യഥാര്‍ഥ വിജയം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്, നോക്കി നില്‍ക്കുന്നവര്‍ക്കല്ല. എന്തെങ്കിലും ചെയ്യണമെങ്കില്‍ ചെയ്യുക, റിസ്‌ക് എടുക്കുക, ഇല്ലെങ്കില്‍ അത് ഒരിക്കലും സംഭവിക്കില്ല. വിജയിക്ക് ഓരോ പ്രശ്നത്തിനും പരിഹാരമുണ്ട്, പരാജിതനാകട്ടെ ഓരോ പരിഹാരത്തിനും പ്രശ്നമാണുള്ളത്. നെഗറ്റിവിറ്റിയാണ് ഹാര്‍മണിയെ നശിപ്പിക്കുക. കഠിനാധ്വാനം മാത്രമല്ല സ്മാര്‍ട്ട് വര്‍ക്കും വിജയത്തിന് അടിസ്ഥാനമാണ്. ജോലി ആസ്വദിക്കുകയും അത് വിനോദമാവുകയും ചെയ്യുന്നതാണ് സ്മാര്‍ട്ട് വര്‍ക്ക്.
അകത്ത് ഹാര്‍മണിയിലാകാതെ പുറമേയുള്ള ഹാര്‍മണി സാധ്യമല്ല. ഒരു വശത്ത് വ്യക്തിജീവിതവും മറ്റൊരു വശത്ത് തൊഴില്‍ ജീവിതവുമാകുമ്പോള്‍, ജോലി ‘ജോലിയായി’ കാണുന്നിടത്തോളം ബാലന്‍സ് പ്രശ്നമാകും. അതേസമയം ജോലിയെ ആസ്വദിക്കുന്ന ഒന്നായി കണ്ടാല്‍ അത് ജോലി അല്ല. കുടുംബവുമായി സംസാരിക്കുകയും ലക്ഷ്യങ്ങള്‍ നേടാന്‍ ദിവസം 10- 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും എന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്താല്‍ വ്യക്തിജീവിതവും സമതുലിതമാക്കാനും വര്‍ക്ക് ലൈഫ് ബാലന്‍സ് കൈവരിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ആന്തരിക ഹാര്‍മണി നേടാന്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കുകയും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും വേണം. ആന്തരിക ഹാര്‍മണിക്കായി ഓരോരുത്തരും സ്വന്തമായി സമയം മാറ്റിവയ്ക്കുകയും വേണം. ആന്തരിക ഹാര്‍മണി ലഭിച്ചാല്‍ നാം നല്ല മനുഷ്യരാവുകയും സഹാനുഭൂതി, കരുണ, മനുഷ്യത്വമുള്ളവരാവുകയും ചെയ്യും. എത്ര ഉയരത്തിലെത്തിയാലും വിനയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
റോട്ടറി സിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ് അധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി ഡോ. ദീപക് പുരോഹിത്, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ജയരാജ് ടി എസ്, ഡോ. കെ അജയകുമാര്‍, ബി ബാലഗോപാല്‍, ഡിസ്ട്രിക്ട് ജനറല്‍ സെക്രട്ടറി തേജസ് പി ആര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചലച്ചിത്ര പിന്നണി ഗായിക സേബ ടോമി, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം നന്ദ ജെ ദേവന്‍ എന്നിവര്‍ക്ക് യൂത്ത് ഐക്കണ്‍ പുരസ്‌കാരം സമ്മാനിച്ചു.
റോട്ടറി ക്ലബ്ബ് പാര്‍പ്പിടം പദ്ധതിയില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ കൈമാറി. ആയിരം ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കിയ കൊടുങ്ങല്ലൂര്‍ ക്ലബ്ബിലെ ഫാ. ഫ്രാന്‍സിസ് താനിയത്തിനെ ചടങ്ങില്‍ ആദരിച്ചു.
വിജയകുമാര്‍ ടി ആര്‍, ആര്‍ മാധവ് ചന്ദ്രന്‍, കൊച്ചി സിറ്റി എ സി പി അശ്വതി ജിജി, ഇ സ്‌ക്രാപ്പി റീ സൈക്ലേഴ്സ് അജേഷ് കെ ജോയ്, റോട്ടറി പൊലീസ് എന്‍ഗേജ്മെന്റ് ജിഗീഷ് നാരായണന്‍, ബാഡ്മിന്റണ്‍ ദേശീയ ചാംപ്യന്‍ ആരതി സാറ സുനില്‍, ഡോ. വി പി കുറിയിപ്പെ, അഡ്വ. എസ് എ എസ് നവാസ്, ആസ്റ്റര്‍ മെഡിസിറ്റി എന്നിവര്‍ക്ക് വിവിധ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.
മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. പ്രൊഫ. ഉഷി മോഹന്‍ദാസ് യാഥാര്‍ഥ്യം അപൂര്‍വം വ്യാജമാണ് എല്ലായിടത്തും എന്ന വിഷയം കൈകാര്യം ചെയ്തു.

