ഉപഭോക്താവിന് അടുത്ത ഇരുട്ടടിയുമായി എസ് ബി ഐ

Web Desk
1 Min Read

കഴിഞ്ഞ വര്‍ഷം മാത്രം ബാങ്ക് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത് 300 കോടി രൂപ

ഡിജിറ്റല്‍ ഇന്ത്യയില്‍ സാധാരണക്കാരന്റെ നടുവൊടിയും

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ഉടമകള്‍ക്ക് ജൂലായ് ഒന്നുമുതല്‍ സര്‍വീസ് ചാര്‍ജില്ലാതെ ഒരു മാസം പണം പിന്‍വലിക്കാനുള്ള സൗകര്യം നാലു തവണയായി നിജപ്പെടുത്തി. ബേസിക്ക് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് അഥവാ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കാണ് പുതിയ നിയമം തലവേദനയാകുക. ബാങ്കില്‍ നിന്നും എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഈ നിയമം ബാധകമാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നാലില്‍ കൂടുതല്‍ വരുന്ന പിന്‍വലിക്കലിന് 15 മുതല്‍ 75 രൂപ വരെയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. മാത്രമല്ല ഇതിലുള്ള ജി എസ് ടിയും ഇടപാടുകാരന്‍ അടക്കേണ്ടി വരും. എന്നാല്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുന്നതിന് ഈ നിബന്ധനകള്‍ ബാധകമല്ല.
സീറോ ബാലന്‍സ് അക്കൗണ്ടുള്ളവര്‍ക്ക് ഇനിമുതല്‍ ഒരു സാമ്പത്തിക വര്‍ഷം 10 ചെക്കുകള്‍ മാത്രമാണ് സൗജന്യമായി ലഭിക്കു. കൂടുതല്‍ ആവശ്യമുള്ളവര്‍ക്ക് ഓരോ 10 പേജ് അടങ്ങിയ പുസ്തകത്തിനും 40 രൂപയും 25 ചെക്കുകകള്‍ അടങ്ങിയ പുസ്തകത്തിന് 75 രൂപയും ജി എസ് ടിയും നല്‌കേണ്ടി വരും. മുതിര്‍ന്ന പൗരന്മാരെ പരിഷ്‌ക്കാരത്തില്‍ നിന്നും ഒഴിവാക്കുകയെന്ന ‘ദയാദാക്ഷിണ്യം’ എസ് ബി ഐ കാണിച്ചിട്ടുണ്ട്.
എസ് ബി ഐയുടെ ഇടപാടുകാരില്‍ ഭൂരിപക്ഷവും സീറോ ബാലന്‍സ് അക്കൗണ്ട് ഉടമകളാണെന്നത് പരിഗണിക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ മാത്രം ബാങ്ക് കോടികള്‍ കൈക്കലാക്കുമെന്നാണ് അര്‍ഥം. കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ 12 കോടിയോളം വരുന്ന എസ് ബി ഐ സീറോ ബാലന്‍സ് അക്കൗണ്ട് ഉടമകളില്‍ നിന്നും 300 കോടി രൂപയാണ് ബാങ്ക് സര്‍വീസ് ചാര്‍ജായും പിഴയായും ഒടുക്കിയെടുത്തത്.

city exchange
Share This Article
Leave a Comment
error: Content is protected !!