മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ദോഹയില്‍

Web Desk
3 Min Read

ദോഹ: പ്രശസ്ത മജീഷ്യനും മനുഷ്യസ്നേഹിയുമായ ഗോപിനാഥ് മുതുകാട് ഭിന്ന ശേഷിക്കാരായ ആയിരം കുട്ടികളെ ശാക്തീകരിക്കാനും അവരുടെ ഉന്നമനത്തിനുമായുള്ള തന്റെ സ്വപ്‌ന പദ്ധതിയെ കുറിച്ചും അതിനായി ദോഹയില്‍ നടത്തുവാനുദ്ദേശിക്കുന്ന എം ക്യൂബ് എന്ന പരിപാടിയെ കുറിച്ചും സംസാരിച്ചു.

city exchange

കഴിഞ്ഞ 44 വര്‍ഷത്തിനിടെ ലോകമെമ്പാടുമായി എട്ടായിരത്തിലധികം വേദികളില്‍ ഇന്ദ്രജാല പ്രകടനം കാഴ്ചവച്ച മാന്ത്രികനും മോട്ടിവേഷണല്‍ സ്പീക്കറുമായ മുതുകാട്, കാസര്‍കോഡ്, മടിക്കൈയില്‍ തുടക്കം കുറിച്ച ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ ഐ പി ഡി) എന്ന പദ്ധതിയെ അവതരിപ്പിച്ചു.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, നൈപുണ്യ വികസനം, കലകള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന സമഗ്ര മാതൃകയിലൂടെ ആയിരത്തിലധികം ഭിന്നശേഷിക്കാരായ കുട്ടികളെ അവരുടെ കഴിവുകള്‍ കണ്ടെത്തി പരിശീലിപ്പിച്ചു കഴിവതും സാധാരണ ജീവിത മാര്‍ഗങ്ങളിലേക്കു പൊരുത്തപ്പെടുവിക്കുവാനും ഉതകുക എന്നതാണ് ഐ ഐ പി ഡി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറെന്റ് ആര്‍ട്‌സ് സെന്റര്‍ (ഡിഎസിയുടെ) തെളിയിക്കപ്പെട്ട വിജയത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിക്കുന്നത്. 30 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന, ഏകദേശം നൂറ്റി ഇരുപതു കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി, ഭിന്നശേഷിയുള്ള വ്യക്തികളുടെ വിദ്യാഭ്യാസം, പരിശീലനം, സ്വതന്ത്ര ജീവിതം എന്നിവയ്ക്കുള്ള ഒരു ആഗോള മാതൃകയായി വിഭാവനം ചെയ്യപ്പെടുന്നു.

ഐ ഐ പി ഡിയുടെ ആദ്യഘട്ടം 2026ന്റെ തുടക്കത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും 2027 അവസാനത്തോടെ പൂര്‍ണമായി പൂര്‍ത്തീകരിക്കും എന്നും മുതുകാട് കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി ഗോപിനാഥ് മുതുകാട്, ലോകമെമ്പാടും എംക്യൂബ് എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തറിലും എത്തുന്നു. സംഗീതം, ഇന്ദ്രജാലം, മോട്ടിവേഷന്‍ എന്നിവ മാന്ത്രിക സ്പര്‍ശത്തോടെ സംയോജിപ്പിക്കുന്ന പരിപാടിയായിരിക്കും നടക്കുക

- Advertisement -
Ad image

വക്രയിലെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ ഗോപിനാഥ് മുതുകാടിന്റെ മനോഹരമായ പ്രകടനങ്ങള്‍ക്കൊപ്പം അതുല്‍ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, ദിവ്യ കൃഷ്ണന്‍ എന്നിവരുടെ സംഗീതവും മെലഡിയും കൂടാതെ, കാഴ്ചശക്തിയും ശാരീരിക വെല്ലുവിളികളും നേരിടുന്നവരുമായ ഡി എ സിയിലെ അംഗങ്ങള്‍ ഫാത്തിമ അന്‍ഷി, ആദിത്യ സുരേഷ് എന്നിവരുടെ പ്രകടനങ്ങളും ഉണ്ടായിരിക്കും

തിരുവനന്തപുരത്തുള്ള ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ (ഡി എ സി) നേട്ടങ്ങളും മുതുകാട് എടുത്തുകാട്ടി. ഡി എ സി നിലവില്‍ 250ലധികം ഭിന്നശേഷിക്കാരായ അന്തേവാസികള്‍ക്ക് മാജിക്, സംഗീതം, നൃത്തം, നാടകം, സിനിമ, പെയിന്റിംഗ്, മറ്റ് പെര്‍ഫോമിംഗ് ആര്‍ട്സ് എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കുന്നതോടൊപ്പം വേതനം ലഭിക്കുവാനുമുള്ള വഴികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇവരുടെ അമ്മമാര്‍ക്കും സ്വയംതൊഴില്‍ കണ്ടെത്തി അതിലൂടെ വരുമാനം നേടുവാറും അവസരം ഒരുക്കിയിട്ടുണ്ട്

തെറാപ്പിയെ കഴിവുകളാക്കി മാറ്റുന്നതിലൂടെ ഡി എ സി കുട്ടികളെ പരസ്യമായി പ്രകടനം നടത്താനും പ്രൊഫഷണല്‍ അംഗീകാരം നേടാനും കഴിവ് വൈകല്യത്തെ മറികടക്കുന്നുവെന്ന് തെളിയിക്കാനും പ്രാപ്തരാക്കി.

ഡി എ സിയുടെ കമ്മ്യൂണിറ്റി സംരംഭങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്തതും പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയുന്നതുമായ വീടുകള്‍ സമ്മാനമായി നല്‍കുന്ന മാജിക് ഹോംസിന്റെ പുരോഗതിയും മുതുകാട് പ്രഖ്യാപിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലും സുരക്ഷ, പ്രാപ്യത, എന്നിവ ഉറപ്പിച്ച വീടുകള്‍ നല്‍കുന്ന പദ്ധതിയില്‍ അഞ്ച് വീടുകള്‍ ഇതിനകം കൈമാറിക്കഴിഞ്ഞു.

ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ, റോക്കട്രി- ദി നമ്പി ഇഫക്റ്റ്, ദി സീക്രട്ട് ഓഫ് വുമണ്‍, ഹൗഡിനി ദി കിംഗ് ഓഫ് മാജിക് എന്നിവയുള്‍പ്പെടെ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍, ഇവന്റ് കണ്‍വീനര്‍ മന്‍സൂര്‍ മൊയ്തീന്‍, ഷംസീര്‍ ഹംസ, നൗഫല്‍ അബ്ദുല്‍ റഹ്മാന്‍, സിനില്‍ ജോര്‍ജ്, അനുജ ജോര്‍ജ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പദ്ധതിയുടെ ഭാഗമാകുവാനും പിന്തുണയ്ക്കുവാനും താല്പര്യമുള്ളവര്‍ക്ക് 5536 0645 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!