

കാക്കനാട്/ പുത്തന്‍ കുരിശ്: കാക്കനാട് കേന്ദ്രമാക്കി ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഗുളികകള്‍ എത്തിച്ചു നല്‍കിയിരുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍.

കുന്നത്തുനാട് താലൂക്ക് തിരുവാണിയൂര്‍ വില്ലേജ് വെണ്ണിക്കുളം വലിയപറമ്പല്‍ വീട്ടില്‍ ഫ്രെഡി വി എഫ് (28), കണയന്നൂര്‍ വില്ലേജ് തുപ്പുംപടി കരയില്‍ മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ അഖില്‍ മോഹനന് (24) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇന്റലിജന്‍സ്, മാമല എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 110 എണ്ണം മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു.

അമിത ഭയം, ഉത്കണ്ഠ തുടങ്ങിയ മാസസിക വിഭ്രാന്തികള്‍ നേരിടുന്നവര്‍ക്ക് നല്കുന്ന നൈട്രാസെപാം ഗുളികകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് ഇടപാടിനായി ഇവര്‍ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ ‘ആസിഡ് ഡ്രോപ്പര്‍ ടാസ്ക് ടീം’ എന്ന ഗ്രൂപ്പ് തുടങ്ങിയ ശേഷം അതിലൂടെ ‘ചൗ മിഠായി’ എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവര്‍ വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ വിറ്റഴിച്ചിരുന്നത്. ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികള്‍ 20 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വര്‍ഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ലഹരി മരുന്ന് ഗുളികകള്‍ 62 ഗ്രാമോളം തൂക്കം വരുന്നതാണ്.
അടിപിടി, ഭവനഭേദനം, മാരകായുധങ്ങള്‍ കൈവശം വക്കല്‍, മയക്ക് മരുന്ന് കടത്ത് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും.
പുത്തന്‍ കുരിശില്‍ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ചിന് സമീപം ആവശ്യക്കാരെ കാത്ത് ടൂവിലറില്‍ ഇരിക്കുകയായിരുന്ന ഇരുവരേയും കൈയ്യോടെ പിടികൂടുകയായിരുന്നു. മാരക ലഹരിയില്‍ ആയിരുന്നു ഇരുവരും.
നാലു രൂപ വിലയുള്ള ഗുളിക ഇവര്‍ 100 രൂപക്കാണ് വിറ്റിരുന്നത്. ഈ മയക്ക് മരുന്ന് ഗുളികകള്‍ സേലത്ത് നിന്ന് കടത്തി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി എന്‍ സുദീര്‍, മാമല റേഞ്ച് ഇന്‍സ്പെക്ടര്‍ വി കലാധരന്‍, സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഐബി പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, മാമല റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സാബു വര്‍ഗ്ഗീസ്, പി ജി ശ്രീകുമാര്‍, ചാര്സ് ക്ലാര്‍വിന്‍, സി ഇ ഒമാരായ അനില്‍കുമാര്‍ എം എന്‍, ഫെബിന് എല്‍ദോസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

