

ദോഹ: ഖത്തറിലെ ഗണ്യമായ ബംഗ്ലാദേശി പ്രവാസി സമൂഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ബംഗ്ലാദേശ് എംബസിയും ഖത്തറിലെ ക്യാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. ഖത്തറിലെ അഞ്ചു ലക്ഷം ബംഗ്ലാദേശി പ്രവാസികള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്ന വിവിധ കമ്മ്യൂണിറ്റി സേവനങ്ങളാണ് ഈ സഹകരണത്തിലൂടെ നടപ്പില്‍ വരിക.


ദീര്‍ഘകാല കമ്മ്യൂണിറ്റി ആനുകൂല്യങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ ബംഗ്ലാദേശ് ആസ്ഥാനമായുള്ള വെര്‍സാറ്റിലോ ഗ്രൂപ്പ് ഓഫ് കമ്പനീസും പങ്കാളിത്തം വഹിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്ക എന്ന മൊബൈല്‍ ഹെല്‍ത്ത് കെയര്‍ ആപ്ലിക്കേഷനാണ് പദ്ധതിയിലെ ഒരു സംരംഭം. ഖത്തറിലെ ബംഗാളി ഭാഷ സംസാരിക്കുന്ന മെഡിക്കല്‍ പ്രൊഫഷണലുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും പ്രവാസി സമൂഹം അഭിമുഖീകരിക്കുന്ന ആരോഗ്യ സേവനങ്ങളിലെ വിടവ് നികത്തുന്നതിനുമാണ് ഈ അത്യാധുനിക മൊബൈല്‍ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ബംഗ്ലാദേശിന്റെയും ഖത്തറിന്റെയും സഹകരണ ശ്രമങ്ങളുടെ സാക്ഷ്യപത്രമായി മെഡിക്ക നിലകൊള്ളും. പ്രവാസികള്‍ക്ക് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ബംഗാളി ഭാഷയില്‍ തന്നെ ലഭ്യമാക്കുന്നതിന് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സഹായകരമാകും. കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഹെല്‍ത്ത് കെയര്‍ ഡിവിഷനുകളായ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസും മൈക്രോ ചെക്ക് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസസും ഈ സംരംഭം സുഗമമായി മുന്നോട്ടു കൊണ്ടു പോവുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.
‘ഹലോ സൂപ്പര്‍സ്റ്റാര്‍’ എന്ന ബംഗ്ലാദേശി ആസ്ഥാനമായ വിനോദ സാങ്കേതിക മൊബൈല്‍ ആപ്ലിക്കേഷന്റെ ഖത്തറിലെ ലോഞ്ചിംഗ് ആണ് മറ്റൊരു സുപ്രധാന പദ്ധതി. സിനിമ, ആരോഗ്യ സംരക്ഷണം, ഫാഷന്‍, ആത്മീയം, കായികം തുടങ്ങി വിവിധ മേഖലകളിലെ സെലിബ്രിറ്റികളുമായി നേരിട്ട് സംവദിക്കാനും പ്രവാസി സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തുന്നതിനുമാണ് ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഈ സഹകരണത്തിന്റെ ഭാഗമായി ബംഗ്ലാദേശി ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങുന്ന മെഡിക്കല്‍ സെന്ററും ഖത്തറില്‍ സ്ഥാപിക്കും. ബംഗ്ലാദേശ് എംബസിയുടെ പിന്തുണയോടെ ഖത്തറിലെ ബംഗ്ലാദേശി സമൂഹത്തിന്റെ ആവശ്യങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് സബ്സിഡിയോടെയും സൗജന്യമായും വിവിധ ആരോഗ്യ സേവനങ്ങള്‍ ഈ കേന്ദ്രം വഴി ലഭ്യമാവും.
ഖത്തറിലെ ബംഗ്ലാദേശ് അംബാസഡര്‍ മുഹമ്മദ് നസ്‌റുല്‍ ഇസ്‌ലാം, ബംഗ്ലാദേശ് എംബസിയുടെ ഡിഫന്‍സ് അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖൈറുദ്ദീന്‍, കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ ഡോ. നൗഷാദ് സി കെ, വെര്‍സറ്റിലോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ ഡോ. കമറുല്‍ അഹ്സന്‍ എന്നിവര്‍ ഉള്‍പ്പെടെ ഖത്തറിലെയും ബംഗ്ലാദേശിലെയും വിശിഷ്ട അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഈ സഹകരണം ഖത്തറിലെ ബംഗ്ലാദേശി പ്രവാസികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചവും സാമൂഹിക- സാംസ്‌കാരിക- ആരോഗ്യ- വിനോദ മേഖലകളില്‍ മെച്ചപ്പെട്ട സേവനങ്ങളും വാഗ്ദാനം ചെയ്യപ്പെടുന്നതുമാണെന്ന് അംബാസഡര്‍ പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസി സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തി പ്രകടമാക്കുന്നതാണ് ഈ സംരംഭമെന്ന് എംബസിയിലെ ഫസ്റ്റ് അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖൈറുദ്ദീനും പറഞ്ഞു. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിനെ പ്രതിനിധീകരിച്ച് ഷെഫീഖ് കെ സിയും പരിപാടിയില്‍ സംസാരിച്ചു.

