

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തിലെ നിരക്കിന് തുല്യമാക്കണമെന്ന് യു ഡി എഫ് എം പിമാര്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇപ്പോള്‍ 510 ഡോളര്‍ കുറവ് വരുത്താമെന്ന മന്ത്രിയുടെ ഉറപ്പ് അപര്യാപ്തമാണെന്നും സംസ്ഥാനത്തെ എല്ലാ എംബാര്‍ക്കേഷന്‍ പോയിന്റുകളുടെയും നിരക്ക് തുലുമായി ഏകീകരിക്കണമെന്നും എം പിമാര്‍ ആവര്‍ത്തിച്ച് ഉന്നയിച്ചു.

1977 ഡോളര്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കോഴിക്കോട് നിന്നുള്ള നിരക്കായി ക്വോട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കൊച്ചിയില്‍ 1073 ഡോളറും കണ്ണൂരില്‍ ഇത് 1068 ഡോളറുമാണ്. കോഴിക്കോട് നിന്നുള്ള നിരക്ക് ക്രമാതീതമായതിനാലും ഒരു കമ്പനി മാത്രം പങ്കെടുത്ത ടെണ്ടര്‍ ആയതിനാലും മന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ എയര്‌പോര്‍ട്ടുകളിലെയും നിരക്ക് ഏകീകരിക്കുക മാത്രമാണ് പരിഹാരമെന്നും എം പിമാര്‍ ചൂണ്ടിക്കാട്ടി.

എം പിമാരുടെ ആവശ്യം എയര്‍ ഇന്ത്യാ മനേജ്‌മെന്റുമായി ചര്‍ച്ച നടത്താമെന്നും ശേഷം എം പിമാരെ വിവരം അറിയിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി.
ഹജ്ജ് യാത്രക്കായി വലിയ വിമാനം സര്‍വ്വീസിന് ഉപയോഗിക്കണമെന്ന എം പിമാരുടെ ആവശ്യത്തോട് ഇക്കാര്യം സിവില്‍ ഏവിയേഷന്‍ മന്ത്രിയുമായി ചര്‍ച്ച നടത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. എം പിമാരായ കൊടിക്കുന്നേല്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍, എം കെ രാഘവന്‍, ബെന്നി ബഹ്നാന്‍, ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ കേന്ദ്ര മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

