

തൃശൂര്‍: ഒരേസമയം 190 പേര്‍ക്ക് പാലിയേറ്റീവ് കെയര്‍ കിടത്തി ചികിത്സയും അനുബന്ധ സംവിധാനങ്ങളുമായി ലോകത്തിനു മാതൃകയാകുന്ന ആല്‍ഫ ഹോസ്പീസിന്റെ നിര്‍മാണത്തിന് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ എടമുട്ടത്തെ ആസ്ഥാനത്ത് ഫെബ്രുവരി അഞ്ചിന് തുടക്കം കുറിക്കും. രാവിലെ ഒന്‍പതരയ്ക്ക് ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും.

ആല്‍ഫ ഹോസ്പീസ് ഡയറക്ടര്‍മാര്‍, ട്രസ്റ്റിമാര്‍, ആല്‍ഫ പാലിയേറ്റീവ് കെയര്‍ എക്‌സിക്യുട്ടീവ് കൗണ്‍സിലുകളുടെ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ആല്‍ഫയെ പിന്തുണയ്ക്കുന്നവര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാകും ഉദ്ഘാടനച്ചടങ്ങ്.

പാലിയേറ്റീവ് കെയര്‍ രംഗത്ത് ചലനശേഷി പരിമിതപ്പെട്ടവര്‍ക്ക് ഫിസിയോതെറാപ്പി പരിചരണത്തിന് തുടക്കംകുറിച്ച ആല്‍ഫ, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായവരുടെ ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ഡയാലിസിസും ദീര്‍ഘകാല പരിചരണം ആവശ്യമായവര്‍ക്ക് കെയര്‍ഹോം പരിചരണവും ഉള്‍പ്പെടുത്തി പാലിയേറ്റീവ് പരിചരണത്തെ പുനര്‍നിര്‍വചിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ആല്‍ഫ ഹോസ്പീസ് ഇതിന്റെയെല്ലാം മികവിന്റെ കേന്ദ്രമായിരിക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജീവിതാന്ത്യ പരിചരണം നല്‍കാന്‍ 50 ഹൈ ഡിപ്പന്റന്‍സി മുറികള്‍, കഴുത്തിനുകീഴെ തളര്‍ന്ന ഫിസിയോതെറാപ്പി പരിചരണം ആവശ്യമുള്ള 140 പേരെ പ്രവേശിപ്പിക്കാവുന്ന 70 മുറികള്‍, 140 ബെഡുകളുള്ള ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്റ് സെന്റര്‍, 32 മെഷീനുകളുള്ള ഡയാലിസിസ് സെന്റര്‍, 36 മുറികളുള്ള കെയര്‍ഹോം എന്നിവയും നൂതന പരിശോധനാ -ചികിത്സാ സംവിധാനങ്ങളും ആല്‍ഫ ഹോസ്പീസില്‍ ഉണ്ടാകും.
കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ 56492 പേരെ പരിചരിച്ചതില്‍നിന്നുള്ള അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ് ആല്‍ഫ ഹോസ്പീസ് തയ്യാറാക്കുന്നതെന്നും അന്ത്യദിനങ്ങള്‍ അസഹനീയവും അന്തസ്സില്ലാത്തതുമെന്ന ഭീതിയില്‍നിന്നുള്ള മോചനം കൂടി ആല്‍ഫ ഹോസ്പീസ് ലക്ഷ്യമിടുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍, ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ആല്‍ഫ ഹോസ്പീസ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് ബാബു പാനികുളം, സെക്രട്ടറി റഷീദ് ആതിര, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

