നമുക്ക് നിക്ഷേപിക്കാം; പുരോഗതി ത്വരിതപ്പെടുത്താം

Web Desk
2 Min Read

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

വനിതകളെന്നാല്‍ സമാധാനത്തിന്റെയും ശാന്തിയുടെയും പ്രതീകമാണ്. ലോകമിന്ന് വനിതാദിനം ആഘോഷിക്കുമ്പോള്‍ എങ്ങനെയാണ് ഇങ്ങനെയൊരു ദിനം ഉണ്ടായതെന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ വനിതകള്‍ നടത്തിയ മുന്നേറ്റത്തിന്റെ വിജയമാണ് ഈ ദിനം ഓര്‍മപ്പെടുത്തുന്നത്.

city exchange

ന്യൂയോര്‍ക്കിലെ തുണി മില്ലുകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് വനിതകള്‍ 1857 മാര്‍ച്ച് എട്ടിന് നടത്തിയ സമരവും പ്രക്ഷോഭവും ഓര്‍ക്കാതെ ഒരു വനിതാ ദിനം പോലും കടന്നുപോകില്ല. അതോടൊപ്പം സമകാലിക ലോകത്ത് തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വനിതകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ കൂടി കൂട്ടിവായിച്ചു വേണം വനിതാ ദിനത്തെ വിലയിരുത്താന്‍.

പുരാതന കാലം മുതല്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ച എത്രയോ വനിതകള്‍ പ്രചോദനമായി മുമ്പിലുണ്ട്. ഓരോ വര്‍ഷവും അര്‍ഥവത്തായ ഓരോ മുദ്രാവാക്യവുമായി വനിതാദിനം ആചരിക്കുമ്പോഴും, കടന്നു പോകുമ്പോഴും ലോകത്തു സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പലതരത്തിലും വര്‍ധിച്ചു വരുന്നുണ്ടെന്ന് മറന്നുപോകരുത്.

1909 ഫെബ്രുവരി 28നാണ് ആദ്യ വനിതാ ദിനം ആചരിച്ചത്. എന്നാല്‍ 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണല്‍ സമ്മേളനത്തില്‍ വനിതാ ദിനം സാര്‍വ്വദേശീയമായി ആചരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ ക്ലാര സെട്കിന്റെ നേതൃത്വത്തില്‍ 17 രാജ്യങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ അതിന് അംഗീകാരം നല്‍കുകയും 1911 മുതല്‍ മാര്‍ച്ച് എട്ടിന് വനിതാ ദിനമായി ആചരിക്കുകയും ചെയ്തു.

- Advertisement -
Ad image

1917 മാര്‍ച്ച് എട്ടിന് റഷ്യയിലാണ് ആദ്യത്തെ വനിതാദിന പ്രകടനം നടന്നത്. റഷ്യയില്‍ വനിതാ ദിനം പൊതു അവധി ദിനവുമായിരുന്നു. 1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.

പഴയ കാലത്തെ അപേക്ഷിച്ച് ഇന്ന് സ്ത്രീ സാന്നിധ്യം ഇല്ലാത്ത മേഖലകള്‍ കുറവാണെങ്കിലും അവഗണനയ്ക്ക് കാര്യമായ കുറവൊന്നുമില്ല. അര്‍ഹിക്കുന്ന പദവികളും സ്ഥാനമാനങ്ങളും സമത്വവുമെല്ലാം പലപ്പോഴും അന്യം തന്നെയാണ്.

പരിഷ്‌കൃതരും പുരോഗമന ചിന്താഗതിക്കാരുമാണ് ആധുനിക സമൂഹമെന്നൊക്കെ പറയുമ്പോഴും സ്ത്രീ ശാക്തീകരണം പലപ്പോഴും കേവലമൊരു വാക്ക് മാത്രമാണ്. വ്യത്യസ്ത മേഖലകളില്‍ സ്ത്രീകള്‍ വന്‍ വിജയങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. അവയെല്ലാം അംഗീകരിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. പലപ്പോഴും അര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് അംഗീകാരം കിട്ടാറില്ല.

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണെന്ന് തിരിച്ചറിയുന്നിടത്താണ് അംഗീകാരത്തിന്റെ ആദ്യ പടവ് കയറാനാവുക. സ്ത്രീകളെ രണ്ടാം തരമായി കാണാതെ അവര്‍ക്ക് അര്‍ഹിക്കുന്ന പദവികളും അംഗീകാരങ്ങളും പരസ്പര ബഹുമാനത്തോടെയും ആദരവോടെയും നല്കാന്‍ കഴിയുന്ന തുറന്ന മനസ്സുള്ള സമൂഹത്തെ കാണാന്‍ ഈ വനിതാ ദിനത്തില്‍ കൊതിക്കുന്നു എന്ന് പറയാന്‍ ഫെമിനിസ്റ്റ് ആവണമെന്നില്ല.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഭയപ്പാടോടെയും ഭീതിയോടെയും സംശയത്തോടെയും നോക്കിക്കാണുന്ന പൊതുസമൂഹം അവരുടെ മനസ്സിനെയും കാഴ്ചപ്പാടിനെയും മാറ്റേണ്ടതുണ്ട്.പ്രോത്സാഹനം നല്‍കേണ്ടതുണ്ട്- ചേര്‍ത്ത് പിടിക്കേണ്ടതുണ്ട്

ഈ വര്‍ഷത്തെ വനിതാദിന പ്രമേയം പോലെ ‘വനിതകളില്‍ നിക്ഷേപിക്കാനും മുന്നേറ്റത്തെ ത്വരിതപ്പെടുത്താനും’ (Invest in Women; Accelerate Progress) കഴിയട്ടെ.

തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആദ്യമായി ശബ്ദമുയര്‍ത്തിയ ന്യൂയോര്‍ക്കിലെ വനിതകളെ ഈ അവസരത്തില്‍ സ്മരിക്കുന്നതോടൊപ്പം സ്ത്രീ ശാക്തീകരണത്തിന്റേയും സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റേയും വാഗ്ദാനങ്ങള്‍ പ്രഖ്യാപനങ്ങളിലും വാക്കുകളിലും ഒതുങ്ങാതെ ഇനിയും ഒരുപാട് മാറ്റം ക്രിയാത്മകമായി ചെയ്യാന്‍ കഴിയുന്ന ഒരു സമൂഹം ഉടലെടുക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. വിവേചനവും അതിക്രമങ്ങളും അവസാനിച്ചു നല്ലൊരു സമൂഹം വാര്‍ത്തെടുക്കാന്‍ കഴിയട്ടെയെന്നു പ്രാര്‍ഥിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!