
തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനാസ്ഥകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി. ബിരുദ ബിരുദാനന്തര പരീക്ഷകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തത്, അവസാന വര്‍ഷത്തില്‍ ധാരാളം സെമസ്റ്റര്‍ പരീക്ഷകള്‍ നടക്കുന്നതുമൂലം അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുന്നത്, അക്കാദമിക വര്‍ഷം അവസാനിക്കാന്‍ ഏഴ് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ അഞ്ചാം സെമസ്റ്ററില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് നാല് സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിത്തീര്‍ക്കേണ്ടി വരുന്നത്, പരീക്ഷ ഫലങ്ങള്‍ വൈകുന്നത് മൂലം ഉന്നത വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നതിന് തടസ്സം സംഭവിക്കുന്നത് തുടങ്ങിയ പ്രശ്‌നങ്ങളാണ് നിവേദനത്തില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

സെമസ്റ്ററുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പരീക്ഷകള്‍ നടപ്പിലാക്കും വിധം അക്കാദമിക് കലണ്ടര്‍ ക്രമീകരിക്കുക, 2019 ബാച്ചിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ഭാരം ലഘൂകരിക്കുന്നതിന് കോവിഡ് സാഹചര്യത്തില്‍ മറ്റു യൂണിവേഴ്‌സിറ്റികള്‍ പലതും സ്വീകരിച്ചതും യു ജി സി നിഷ്‌കര്‍ഷിച്ചതുമായ ഈവന്‍ സെമസ്റ്റര്‍ പരീക്ഷകള്‍ മാത്രം നടത്തി ഫലം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.


എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ഡോ. അബൂബക്കര്‍ കാടാമ്പുഴ, എം ജുബൈര്‍ താനൂര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സിദ്ദീഖലി തിരൂര്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. കാലങ്ങളായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിലനില്‍ക്കുന്ന കെടുകാര്യസ്ഥതക്കെതിരെ സമരങ്ങളടക്കമുള്ള വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ കുത്തഴിഞ്ഞ സിസ്റ്റത്തിന് പരിഹാരമാകുംവരെ പ്രതിഷേധം തുടരാനാണ് എസ് എസ് എഫ് തീരുമാനിച്ചിരിക്കുന്നത്.


