വിവാദ പരാമര്‍ശം; പുലിവാല് പിടിച്ച് പാലാ രൂപതയും യൂത്ത് കോണ്‍ഗ്രസും

Web Desk
2 Min Read
Mar Joseph Kallarangatt

ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

പാലാ മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവന തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് പൊലീസില്‍ പരാതി

കോട്ടയം: കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കള്‍ക്കെതിരെ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്‌സ് ജിഹാദും നടക്കുന്നുവെന്ന് പറഞ്ഞ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ ഘടകം.

city exchange


പാലാ ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും വേട്ടയാടാന്‍ അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ അന്വേഷണം നടത്താതെ സി പി എമ്മും ബി ജെ പിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.


പാലായുടെ അഭിവന്ദ്യ മെത്രാനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളെ ചെറുക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
പാലാ രൂപതയും കല്ലറങ്ങാട്ട് തിരുമേനിയും മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്. ഇതെല്ലാം ബോധപൂര്‍വ്വം മറന്നുകൊണ്ട് അദ്ദേഹത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളെ കമ്മിറ്റി അപലപിച്ചു.

- Advertisement -
Ad image


ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക്‌സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശം.


മുസ്ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക്‌സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.


കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന.
കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.


ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.


മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ കേരളത്തില്‍ ജിഹാദി സ്ലീപ്പര്‍ സെല്ലുകളുണ്ടെന്ന പ്രസ്താവനയും കല്ലറങ്ങാട്ട് പരാമര്‍ശിക്കുന്നുണ്ട്.


പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തി സമൂഹത്തില്‍ വിള്ളല്‍ സൃഷ്ടിക്കരുതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സംവിധായകന്‍ ജിയോ ബേബി കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ബിഷപ്പിനെ പിന്തുണച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയെ തള്ളിപ്പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തി. സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ് പിന്തുണയുണ്ടാവില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു.

‘ഏത് വിഷയത്തിലായാലും യൂത്ത് കോണ്‍ഗ്രസ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നിലപാടല്ല,’ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതിനിടെ ബിഷപ്പിന്റെ പരാമര്‍ശത്തിനെതിരെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസില്‍ പരാതി നല്കി. ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥിയും എം എസ് എഫ് ഡല്‍ഹി വൈസ് പ്രസിഡന്റുമായ അഫ്സല്‍ യൂസഫ് തൃശ്ശൂര്‍ പൊലീസില്‍ പരാതി നല്കി. മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

Share This Article
Leave a Comment
error: Content is protected !!