
മണ്ണാര്ക്കാട്: ഹോട്ടലില് തീപിടുത്തം. രണ്ടുപേര് മരിച്ചു. നെല്ലിപ്പുഴ ഹില്വ്യൂ ഹോട്ടലിലാണ് പുലര്ച്ചെ മൂന്നേകാലോടെ തീപിടുത്തമുണ്ടായത്. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവരുടെ മറ്റു വിവരങ്ങള് ലഭ്യമായിട്ടില്ല.

നാലു നിലയുള്ള കെട്ടിടത്തില് താഴത്തെ നിലയില് ഹോട്ടലും മുകള് നിലകളില് ലോഡ്ജുമാണ് പ്രവര്ത്തിച്ചിരുന്നത്. താഴത്തെ നിലയില് നിന്ന് തീ പടര്ന്നതോടെ ജീവനക്കാര് പുറത്തേക്കോടി രക്ഷപ്പെട്ടു. ജീവനക്കാര് വിവരം അറിയിച്ചതിനെ തുടര്ന്ന് അഗ്നിശമനസേനയെത്തി തീ അണക്കുകയായിരുന്നു. തുടര്ന്ന് നടത്തിയ തെരച്ചിലിലാണ് മുകള് നിലയിലെ മുറിയില് ഒരു സ്ത്രീയും പുരുഷനും അബോധാവസ്ഥയില് കിടക്കുന്നത് കണ്ടെത്തിയത്. ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ലോഡ്ജിലെ രേഖകളെല്ലാം കത്തി നശിച്ചതിനാല് വിവരങ്ങള് ലഭ്യമായില്ല.


ഷോര്ട്ട് സര്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ശ്വസിച്ചതാണ് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.


