
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപറാണി സ്ഥാനം രാജിവച്ചു. അടുത്ത വര്‍ഷം ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പെട്ടെന്നുള്ള നീക്കം.
ഗാന്ധിനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് വിജയ് രൂപാണി രാജിക്കാര്യം അറിയിച്ചത്്. എന്നാല്‍ രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. രൂപാണി രാജിക്കത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത്തിന് കൈമാറി.

അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനത്തെ സേവിക്കാന്‍ തനിക്ക് അവസരം ലഭിച്ചതായും തന്റെ പാര്‍ട്ടി ആവശ്യപ്പെടുന്നതെന്തും തുടര്‍ന്നും ചെയ്യുമെന്നും വിജയ് രൂപാണി പറഞ്ഞു.


ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കാന്‍ അവസരം നല്കിയതിന് ബി ജെ പിയോട് നന്ദി പറഞ്ഞ വിജയ് രൂപാറാണി തന്റെ ഭരണകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വികസനം വര്‍ധിപ്പിക്കാന്‍ അവസരം ലഭിച്ചുവെന്നും പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം രാജിവയ്ക്കുന്ന നാലാമത്തെ ബി ജെ പി മുഖ്യമന്ത്രിയാണ് വിജയ് രൂപാണി. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി എസ് യെദ്യൂരപ്പ ജൂലൈയിലും ഉത്തരാഖണ്ഡില്‍ തിരത് സിങ് റാവത്തും രാജിവെച്ചിരുന്നു. 2017 ഡിസംബറിലാണ് വിജയ് രൂപാണി ഗുജറാത്തില്‍ രണ്ടാം തവണ മുഖ്യമന്ത്രിയായി അധികാരമേറ്റത്.


