എണ്ണവില ബാരലിന് 105 ഡോളര്‍ കടന്നു

Web Desk
1 Min Read

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതോടെ ആഗോള എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില നാല് ശതമാനത്തിലേറെ ഉയര്‍ന്ന് ബാരലിന് 105 ഡോളര്‍ കടന്നു. നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിനോട് അടുക്കുകയാണ് വില. ബാബ് അല്‍-മന്ദബ് കടലിടുക്കിലേക്കുള്ള ഹൂതി നീക്കവും മേഖലയിലെ സംഘര്‍ഷം വര്‍ധിച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

city exchange

തന്ത്രപ്രധാനമായ ചെങ്കടല്‍ നഗരമായ മൊഖ ഹൂതി പിടിച്ചെടുത്തതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആഗോള വ്യാപാരത്തിലെ നിര്‍ണായക പാതയായ ബാബ് അല്‍-മന്ദബ് കടലിടുക്കില്‍ ഹൂതികളുടെ നിയന്ത്രണം കൂടുതല്‍ ശക്തമായി. ഈ പാതയിലൂടെയുള്ള സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി തടസ്സപ്പെടാനുള്ള സാധ്യത ആഗോള എണ്ണവിതരണത്തിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഇന്റര്‍കോണ്ടിനെന്റല്‍ എക്‌സ്‌ചേഞ്ചിലെ നവംബര്‍ ബ്രെന്റ് കരാര്‍ വില 4.55 ശതമാനം ഉയര്‍ന്ന് ബാരലിന് 105.82 ഡോളറിലെത്തി. ന്യൂയോര്‍ക്ക് മെര്‍ക്കന്റൈല്‍ എക്‌സ്‌ചേഞ്ചിലെ ഒക്ടോബര്‍ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) കരാര്‍ വില 4.42 ശതമാനം ഉയര്‍ന്ന് 100.30 ഡോളറിലുമെത്തി. ബുധനാഴ്ച ബ്രെന്റ് വില ആറ് ആഴ്ചയ്ക്കിടെ ആദ്യമായി 100 ഡോളര്‍ കടന്നിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നത് എണ്ണവിതരണം പരിമിതപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഇത് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് ഉയര്‍ത്തുന്നതിനൊപ്പം പണപ്പെരുപ്പത്തിനും ധനകാര്യ സമ്മര്‍ദങ്ങള്‍ക്കും കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

- Advertisement -
Ad image

ആഗോള സാമ്പത്തിക വിപണികള്‍ ഉയരുന്ന ഊര്‍ജവില സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്ക നേരിടുന്നതിനിടെയാണ് പുതിയ വിലക്കയറ്റം.

അതേസമയം, ഊര്‍ജവിപണിയെ സ്വാധീനിച്ചേക്കാവുന്ന നിര്‍ണായക പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധം നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ ഇടിവുണ്ടാകാന്‍ സാധ്യതയില്ലെന്നും ട്രംപ് പറഞ്ഞു.

ഇറാന്റെ നേതൃത്വത്തെ പരാമര്‍ശിച്ച്, ‘തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ യുദ്ധം അവസാനിക്കുമെന്ന് കരുതുന്നു; അവര്‍ക്ക് ഇനി കൂടുതല്‍ പിടിച്ചുനില്‍ക്കാനാകില്ല,’ എന്നാണ് ട്രംപ് പ്രതികരിച്ചത്.

Share This Article
Leave a Comment
error: Content is protected !!