സില്‍വര്‍ ലൈന്‍: സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന് വി മുരളീധരന്‍

Web Desk
1 Min Read

കോഴിക്കോട്: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഡി പി ആര്‍ തയ്യാറാക്കാന്‍ മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

റെയില്‍വെ മന്ത്രി കൃത്യമായാണ് പറഞ്ഞത്. പാര്‍ലമെന്റില്‍ നല്‍കിയത് തെറ്റായ വിവരമാണെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയതിന് പാര്‍ലമെന്റില്‍ സി പി എം അംഗത്തിന് അവകാശലംഘന പ്രമേയം കൊണ്ടുവരാമല്ലോ എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കു വേണ്ടി ഡി പി ആര്‍ ഉണ്ടാക്കാന്‍ ജനങ്ങളെ ആട്ടിയോടിച്ച് സര്‍വ്വേക്കല്ലിടേണ്ടതുണ്ടോ? ജനങ്ങളെ ബോധ്യപ്പെടുത്താതെ ഒരു പദ്ധതിയും നടപ്പാക്കാനാവില്ല. ഏകാധിപത്യപരമായി പദ്ധതികള്‍ നടപ്പാക്കിക്കളയാമെന്ന് മുഖ്യമന്ത്രി കരുതരുത്. തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സ് ആണെന്നും കരുതരുത്.

- Advertisement -
Ad image

കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ വ്യാഴാഴ്ച ചങ്ങനാശ്ശേരിയില്‍ നടന്നത് കാടത്തമാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണ്. ശബരിമലയില്‍ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നവരാണ് ഇത് ചെയ്യുന്നതെന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഏകാധിപതിയെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കെ റെയില്‍ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. എന്നാല്‍ പണക്കാരായ ചില മാന്യന്മാരുമായാണ് ചര്‍ച്ച ചെയ്തത്. ഭാവിയിലും ഈ പദ്ധതിക്ക് ഒരു സാധ്യതയും കാണുന്നില്ല. പ്രതിപക്ഷം മൗനം തുടരുകയാണെന്നും സില്‍വര്‍ലൈന്‍ പദ്ധതി ബി ജെ പി അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!