സ്വന്തം ‘ഗഹ്ഫിയ’യില്‍ അല്‍ തുമാമയുടെ പൊന്‍തൂവല്‍ ചേര്‍ത്ത് ഇബ്രാഹിം അല്‍ ജയ്ദ

Web Desk
3 Min Read

ദോഹ: തുടങ്ങിയതൊരു ഡിസൈന്‍ മത്സരത്തിനു വേണ്ടിയായിരുന്നെങ്കിലും അവസാനിച്ചപ്പോള്‍ ഖത്തര്‍ ലോകകപ്പ് 2022 സ്റ്റേഡിയമായാണ് മാറിയത്. വാസ്തുവിദ്യയുടെ കൗതുകകരമായ കഥ പറയുകയാണ് അല്‍ തുമാമയിലെ ഗഹ്ഫിയ സ്റ്റേഡിയത്തിന്റെ ആര്‍ക്കിടെക്ടും അറബ് എന്‍ജിനിയറിംഗ് ബ്യൂറോയുടെ സി ഇ ഒയും ചീഫ് ആര്‍ക്കിടെക്ടുമായ ഇബ്രാഹിം അല്‍ ജയ്ദ.
അമീര്‍ കപ്പ് ഫൈനലില്‍ അല്‍ സദ്ദും അല്‍ റയ്യാനും ഏറ്റുമുട്ടാന്‍ അല്‍ തുമാമയിലെ ഗഹ്ഫിയ സ്റ്റേഡിയത്തിലാണ് എത്തിച്ചേരുക. അതിനു മുമ്പ് ഒക്ടോബര്‍ 22ന് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അനാവരണം ചെയ്യുന്ന ആറാമത്തെ ഫിഫ ലോകകപ്പ് സ്റ്റേഡിയമാണിത്.

city exchange

ഖത്തറിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും അറബി പുരുഷന്മാര്‍ അണിയുന്ന തൊപ്പിയായ ഗഹ്ഫിയയില്‍ നിന്നും പ്രോചദനം ഉള്‍ക്കൊണ്ടാണ് സ്‌റ്റേഡിയത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.
ഗഹ്ഫിയയുടെ ആദ്യരൂപം കടലാസിലേക്ക് ഊര്‍ന്നുവീഴുന്നതിന് മുമ്പ് ഇബ്രാഹിം അല്‍ ജയ്ദ പോയത് ഓള്‍ഡ് സൂഖിലേക്കായിരുന്നു. ഖത്തറിലെ പരമ്പരാഗത വിപണന കേന്ദ്രമായ ഓള്‍ഡ് സൂഖില്‍ നിന്നും ഗഹ്ഫിയയുടെ രൂപങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

അന്ന് തൊപ്പിയും തേടി ഓള്‍ഡ് സൂഖിലേക്ക് പോയ രാത്രി അദ്ദേഹം ഓര്‍ത്തുവെച്ചിട്ടുണ്ട്. ഓരോന്നിലേയും വ്യത്യസ്ത പാറ്റേണുകള്‍ പഠിക്കാനായി എല്ലാത്തരം ഗഹ്ഫിയകളും തന്റെ സ്പര്‍ശമെത്തിയെന്ന് അദ്ദേഹം പറയുന്നു. കുട്ടിക്കാലത്ത് ധാരാളം സമയങ്ങളില്‍ ധരിച്ച തൊപ്പിയാണെങ്കിലും അവയുടെ വ്യത്യസ്ത ഡിസൈനുകളും രൂപങ്ങളും ഇത്രത്തോളമുണ്ടാകുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഓരോ തൊപ്പിയും വ്യത്യസ്ത ഡിസൈനും രൂപവും ഭാവവും ഉള്‍ക്കൊള്ളുന്നതായിരുന്നു. തൊപ്പികള്‍ കൈയിലേക്കെത്തിയതോടെ ഉറക്കമില്ലാത്ത രാത്രികളായിരുന്നു തനിക്കു മുമ്പിലുണ്ടായിരുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

- Advertisement -
Ad image


വ്യത്യസ്ത ഗഹ്ഫിയയുടെ പാറ്റേണുകള്‍ പരിശോധിക്കാന്‍ അര്‍ധരാത്രികളില്‍ ഉണരുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഒടുവില്‍ ഇഷ്ടപ്പെട്ട രീതിയില്‍ ഏകദേശ രേഖാചിത്രം വരച്ചെടുത്തു. ഇതായിരിക്കും തങ്ങളുടെ മാതൃകയെന്ന് അദ്ദേഹം എന്‍ജിനിയര്‍മാരെ അറിയിച്ചു. മേഖലയിലെ മുഴുവന്‍ ആളുകളുമായി ബന്ധപ്പെടുന്നൊരു ഡിസൈന്‍ നിര്‍മിക്കുകയെന്നതായിരുന്നു ജയ്ദയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

മറ്റു പലരും യഥാര്‍ഥ രൂപത്തെ ആധുനികവത്ക്കരിച്ചായിരിക്കും അവതരിപ്പിക്കുകയെന്ന തോന്നല്‍ തന്റെയുള്ളിലുണ്ടായിരുന്നതായി ഇബ്രാഹിം ജെയ്ദ പറയുന്നു. പരമ്പരാഗത സത്ത നീക്കം ചെയ്താല്‍ പിന്നെയതിനെ ഗഹ്ഫിയയെന്ന് വിളിക്കാനാവില്ല. അതുകൊണ്ടുതന്നെ തന്റെ ഡിസൈന്‍ ആധുനികമെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം പരമ്പരാഗത സ്പര്‍ശങ്ങളെല്ലാം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും പ്രാദേശിക ഐഡന്റിറ്റിയും പൈതൃകവും സംരക്ഷിക്കുകയെന്ന പ്രധാന ദൗത്യവും ചേര്‍ത്തുവെച്ചതായും അദ്ദേഹം പറയുന്നു.


അവസാന രൂപകല്‍പ്പനയില്‍ കാര്യക്ഷമമായ പാറ്റേണുകളും സ്വര്‍ണ നാണയങ്ങളും ഉള്‍പ്പെട്ടിരുന്നു. നാണയങ്ങള്‍ പിന്നീട് സ്റ്റേഡിയത്തിലെ നൂതന കൂളിംഗ് സാങ്കേതിക വിദ്യയ്ക്കുല്‌ള വെന്റിലേഷന്‍ യൂണിറ്റുകളുടെ രൂപകല്‍പ്പനയ്ക്കായി ഉപയോഗപ്പെടുത്തി.


ഗഹ്ഫിയയുടെ ആകൃതി ഡിസൈന്‍ മാത്രമല്ല ചൂടില്‍ നിന്ന് തല മറക്കാനായി ഗഹ്ഫിയ ഉപയോഗപ്പെടുത്തുന്നതുപോലെ സമാനമായ രീതിയില്‍ സൂര്യനില്‍ നിന്ന് കാണികളെ സംരക്ഷിക്കുന്നതിനും അത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഉള്‍വശത്തും ഗഹ്ഫിയയുടെ അകവശത്തെ പാറ്റേണും വശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമീര്‍ കപ്പ് ഫൈനലിന്‍ ഒക്ടോബറില്‍ സ്‌റ്റേഡിയം തുറക്കുമ്പോള്‍ ഇതെല്ലാം കാണാനാവുമെന്നാണ് അദ്ദേഹം പറയുന്നത്.
ഖത്തര്‍ ലോകകപ്പ് 2022ന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള എട്ട് മത്സരങ്ങളാണ് അല്‍ തുമാമ സ്റ്റേഡിയത്തില്‍ അരങ്ങേറുക. നാല്‍പ്പത്തിയൊന്‍പതാമത് അമീര്‍ കപ്പ് ഫൈനലിന് ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്റ്റേഡിയം ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ആറാമത്തേതാണ്. ഖലീഫ ഇന്റര്‍നാഷണല്‍, അല്‍ ജനൂബ്, എജുക്കേഷന്‍ സിറ്റി, അഹമ്മദ് ബിന്‍ അലി, അല്‍ ബെയ്ത്ത് എന്നിവയാണ് ഇതുവരെ നിര്‍മാണം പൂര്‍ത്തിയായ സ്റ്റേഡിയങ്ങള്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത പദ്ധതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഫിഫ ലോകകപ്പ് സ്റ്റേഡിയം രൂപകല്‍പ്പന ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് ഇബ്രാഹിം അല്‍ ജെയ്ദ പറയുന്നു.


കാഴ്ചക്കാരാണ് സ്റ്റേഡിയത്തെ ജീവസ്സുറ്റതാക്കുന്നതെന്നും പണി പൂര്‍ത്തിയായ സ്റ്റേഡിയത്തില്‍ ആരാധകരുടെ ശബ്ദം മാത്രമാണ് ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തോടൊപ്പം പങ്കെടുക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.


ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഒക്ടോബറില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തോടനുബന്ധിച്ച് നാല്‍പ്പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ അനാഛാദനം നിര്‍വഹിക്കുക.


അമീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ തനിക്ക് അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും പച്ചപ്പുല്‍ മൈതാനിയില്‍ ആദ്യ വിസില്‍ മുഴങ്ങുമ്പോള്‍ താനായിരിക്കും ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ വ്യക്തിയെന്നും ഇബ്രാഹിം പറയുന്നു.


വാസ്തുവിദ്യയുടെ കാര്യത്തില്‍ ഖത്തര്‍ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അടുത്ത തലമുറ ഡിസൈനര്‍മാര്‍ക്ക് ഇതൊക്കെ പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അറബികളെന്ന നിലയില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ സംസ്‌ക്കാരമാണ് തങ്ങള്‍ക്കുള്ളതെന്നും ഇസ്‌ലാമികവും അറബിക്ക് വാസ്തുവിദ്യയും എല്ലായിടത്തും പ്രധാനപ്പെട്ട ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടാറുള്ളത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ലഭിക്കുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയെന്നും നിങ്ങളുടെ ഡിസൈന്‍ സജീവമാകുന്നത് കാണുന്നതിനേക്കാള്‍ തൃപ്തികരമായ മറ്റൊന്നില്ലെന്നുമാണ് അദ്ദേഹം യുവ വാസ്തുശില്‍പികള്‍ക്ക് നല്കുന്ന ഉപദേശം.

Share This Article
Leave a Comment
error: Content is protected !!