ഫ്രഞ്ച് പ്രസിഡന്റിന് അമീറിന്റെ ഔദ്യോഗിക വിരുന്ന്

Web Desk
2 Min Read

ദോഹ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിനുമുള്ള ആദരസൂചകമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ പാലസില്‍ ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിച്ചു.

city exchange

ചടങ്ങില്‍ സംസാരിച്ച അമീര്‍, ഫ്രഞ്ച് പ്രസിഡന്റിനെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ആഴവും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഈ സന്ദര്‍ശനത്തിനുള്ള പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

സന്ദര്‍ശനത്തിലുടനീളം പ്രകടമായ സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും അന്തരീക്ഷത്തില്‍ അമീര്‍ സംതൃപ്തി രേഖപ്പെടുത്തി. പരസ്പര ബഹുമാനത്തിലും പൊതുവായ മൂല്യങ്ങളിലും അധിഷ്ഠിതമായ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അന്താരാഷ്ട്ര സ്ഥിരത, സുരക്ഷ, സമാധാനം എന്നിവ ഉറപ്പാക്കുന്നതിനും ഈ സഹകരണം സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖത്തര്‍ അമീറിന് നന്ദി അറിയിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെയും കാഴ്ചപ്പാടുകളിലെ സമാനതകളെയും പ്രശംസിച്ചു. തുടരുന്ന ഉന്നതതല സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സജീവമായ ഏകോപനത്തിന്റെയും ചലനാത്മകമായ സഹകരണത്തിന്റെയും തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

സാങ്കേതികവിദ്യ, ഊര്‍ജം, വ്യവസായം തുടങ്ങിയ മേഖലകളിലെ സാമ്പത്തിക പങ്കാളിത്തത്തെയും പരസ്പര നിക്ഷേപങ്ങളെയും മാക്രോണ്‍ പ്രത്യേകം പ്രശംസിച്ചു. ഭാവിയിലെ നിര്‍ണായക മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ‘വണ്‍ പ്ലാനറ്റ്’ സോവറിന്‍ വെല്‍ത്ത് ഫണ്ട്‌സ് സംരംഭത്തിലൂടെ സഹകരണം തുടരാനുള്ള പ്രതിബദ്ധതയും അദ്ദേഹം അറിയിച്ചു.

അമീറിന്റെ പത്‌നി ശൈഖ ജവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍താനിയും വിരുന്നില്‍ പങ്കെടുത്തു.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍താനി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം ഉള്‍പ്പെടെ നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായ- വാണിജ്യ രംഗത്തെ നേതാക്കള്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!