

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ സി ഇ ഒ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി ലോകത്തിലെ ഏറ്റവും വലിയ ട്രയാത്ത്‌ലോണ്‍ മത്സരമായ ഹാംബര്‍ഗ് വാസര്‍ 2021 വേള്‍ഡ് ട്രയാത്ത്‌ലോണ്‍ ചാംപ്യന്‍ഷിപ്പ് സീരിസില്‍ ആദ്യ ഒളിംപിക് ദൂര ട്രയാത്ത്‌ലോണ്‍ പൂര്‍ത്തിയാക്കി.

തന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും റദ്ദാക്കുകയും മാറ്റിവെക്കുകയുമൊക്കെ ചെയ്ത മത്സരത്തില്‍ താന്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പോലും ഉറപ്പില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മത്സര ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചാണ് ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി തന്റെ സന്തോഷം ലോകത്തെ അറിയിച്ചത്.


പരിശീലനത്തിനായി തനിക്ക് ലഭിച്ച എല്ലാ സൗകര്യങ്ങളോടും അവര്‍ നന്ദി രേഖപ്പെടുത്തി. ഒളിംപിക് സൈക്ലിംഗ് ട്രാക്ക് മുതല്‍ ആസ്‌പെയര്‍ അക്കാദമി, ഓക്‌സിജന്‍ പാര്‍ക്ക്, 5/6 പാര്‍ക്ക്, എജ്യുക്കേഷന്‍ സിറ്റി റിക്രിയേഷന്‍ സെന്റര്‍, സ്റ്റേഡിയം തുടങ്ങിയവയെല്ലാം അവര്‍ നന്ദിയോടെ ഓര്‍ത്തു.
2011 ജൂണ്‍ 26ന് തന്റെ മകള്‍ക്ക് ഒരു ദിവസം പ്രായമായപ്പോള്‍ ആശുപത്രിക്ക് പുറത്ത് അയേണ്‍മാന്‍ റേസ് ആരംഭിക്കാനായി റോഡുകള്‍ അടച്ചതോടെയാണ് ട്രയാത്തലണില്‍ പങ്കെടുക്കാനുള്ള പ്രചോദനം തനിക്കുണ്ടായതെന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു. പത്തു വര്‍ഷത്തിന് ശേഷം താന്‍ ആദ്യത്തെ ഒളിംപിക് ദൂര ട്രയാത്ത്‌ലോണ്‍ പൂര്‍ത്തിയാക്കിയെന്നും ശൈഖ ഹിന്ദ് കുറിക്കുന്നു.

കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പരിശീലകരില്‍ നിന്നും ലഭിച്ച പിന്തുണ തനിക്ക് ആത്മവിശ്വാസം നല്കിയതായും പിതാവും മാതാവും ഭര്‍ത്താവും സഹോദരനുമെല്ലാം നല്കിയ പിന്തുണയാണ് തനിക്ക് ഇവിടേക്കെത്താന്‍ സാധിച്ചതെന്നും ഭര്‍ത്താവ് പിന്തുണയോടൊപ്പം കുട്ടികളെ നോക്കിയും സഹകരിച്ചെന്ന് അവര്‍ എഴുതുന്നു.
തന്റെ കൈയില്‍ രാജ്യത്തിന്റെ പതാക കണ്ടപ്പോഴെല്ലാം പ്രോത്സാഹിച്ചവരാണെന്നും അവര്‍ പറഞ്ഞു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സഹോദരിയാണ് ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി.


