

കൊച്ചി: സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന പ്രമുഖ വാര്‍ഷിക പ്രദര്‍ശനമായ ഹോട്ടല്‍ടെക് കേരളയുടെ 14-ാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി. അസോസിയേഷന് ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എ എ സി എച്ച് കെ) പ്രസിഡന്റ് കെ ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ കേരള പ്രൊഫഷനല്‍ ഹൗസ്കീപേഴ്സ് അസോസിയേഷന് (കെ പി എച്ച് എ) പ്രസിഡന്റ് ബിന്ദു പര്വിഷ്, മേളയുടെ ഭാഗമായി നടക്കുന്ന കലിനറി മത്സരങ്ങളിലെ ജൂറിയുടെ ഭാഗമായ ഷെഫുമാര്‍ റഷീദ്, ജോര്‍ജ് സിദ്ദിഖ്, സക്കറിയ, സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഹൊറേക്ക എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹോട്ടല്‍സ്/ റിസോര്‍ട്ട്സ്, റെസ്റ്റോറന്റ്സ്, കേറ്ററിംഗ് മേഖലകള്‍ക്കാവശ്യമായ ഭക്ഷ്യോത്പന്നങ്ങള്‍, ചേരുവകള്‍, ഹോട്ടല്‍ ഉപകരണങ്ങള്‍, ലിനന്‍ ആന്‍ഡ് ഫര്‍ണിഷിംഗ്, ഹോട്ടല്‍വെയര്‍, ടേബ്ള്‍വെയര്‍ വാണിജ്യ അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവയുമായി 60-ലേറെ പ്രദര്‍ശകര്‍ ഹോട്ടല്‍ടെകില്‍ പങ്കെടുക്കുന്നുണ്ട്. തായ്, പ്രാദേശിക തീരദേശ ക്യൂസിന്, ഡിസ്സേര്ടുകള്, ഇറ്റാലിയന്‍ വിഭവങ്ങള്‍, സസ്യാധിഷ്ഠിത വിഭവങ്ങള്‍, പാസ്ത, ചോക്കലേറ്റുകള്‍ തുടങ്ങിയവ അവതരിപ്പിക്കുന്ന നെസ്ലെ പ്രൊഫഷനലിന്റെ സ്റ്റാളാണ് മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

കേരളീയ സ്ഥാപനമായ സ്കൈഫോം മാട്രസസിന്റെ പുതിയ ഉത്പന്നങ്ങളും മേളയുടെ ഭാഗമാണ്. കാലവര്‍ഷം ശക്തമാകുമ്പോള്‍ അതിഥികള്‍ നനഞ്ഞ കുടയുമായെത്തുമ്പോള് നനവോടെ തന്നെ കുടകള്‍ പോളിത്തീന്‍ കവറില്‍ പൊതിഞ്ഞു നല്കുന്ന മെഷീനും ഏറെ കൗതുകമുണര്‍ത്തുന്നുണ്ട്. കൊച്ചിയിലെ എസ് ആന്‍ഡ് ഡി ഗ്ലോബ്മേറ്റാണ് ലോബി എന്ന ബ്രാന്‍ഡിലെത്തുന്ന ഈ ഉത്പന്നത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
ഡല്‍ഹിയില്‍ നിന്നുള്ള വീനസിന്റെ ടേബ്ള്‍വെയര്‍, കട്ലറി, ബാങ്കെറ്റ് ഫര്‍ണിച്ചര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും അന്വേഷണങ്ങള്‍ ഏറെയുണ്ട്. ഹോട്ടലുകള്‍ക്കായി പ്രത്യേക പശ ഇല്ലാതെ തന്നെ വളരെ എളുപ്പം ഒട്ടിക്കാവുന്ന എസ് പി സി ഫ്ളോറിംഗ് ടൈലുകള്‍ വിപണിയിലെത്തിച്ചിരിക്കുന്ന അര്‍ഗില്‍ ഗ്രൂപ്പിന്റെ സ്റ്റാളും ശ്രദ്ധേയമാണ്.
കേരളാ ടൂറിസം, ഡി ടി പി നസി, അസോസിയേഷന് ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് ഓഫ് കേരള (എ എ സി എച്ച് കെ), കേരള പ്രൊഫഷനല്‍ ഹൗസ്കീപേഴ്സ് അസോസിയേഷന് (കെ പി എച്ച് എ), സൗത്ത് ഇന്ത്യ ഷെഫ്സ് അസോസിയേഷന് (സിക) കേരള ചാപ്റ്റര്‍, ഓള് കേരളാ കേറ്ററേഴ്സ് അസോസിയേഷന് (എ കെ സി എ) എന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരവും പിന്തുണയും ഹോട്ടല്‍ടെകിനുണ്ട്.
മേളയ്ക്ക് സമാന്തരമായി കേരളാ കലിനറി ചലഞ്ച് (കെ സി സി), ഹൗസ്കീപ്പേഴ്സ് ചലഞ്ച് (എച്ച്കെ സി) എന്നീ മത്സരങ്ങളും ആദ്യരണ്ടു ദിവസങ്ങളില്‍ അരങ്ങേറുന്നുണ്ട്.
ഒന്നാം ദിവസമായ ഇന്നലെ നടന്ന മത്സരങ്ങളിലെ ഒന്നാം സ്ഥാന ജേതാക്കള്‍: ഡിസ്സേര്‍ട് കേക്ക്- ഭവ്യ സന്തോഷ്, ഗ്രാന്‍ഡ് ഹയാത്ത്, ബ്രെഡ് ആന്‍ഡ് പേസ്്ട്രി ഡിസ്പ്ലേ- രാദ്ര മാധവ് സാഹു, ഗ്രാന്‍ഡ് ഹയാത്ത്, ഡോണ്‍ സെബാസ്റ്റിയന്, ക്രൗണ്‍ പ്ലാസ; നോവല്‍റ്റി കേക്ക്- അര്‍ജിത് ബിശ്വാസ്, ഗ്രാന്‍ഡ് ഹയാത്ത്, ഹോട്ട് കുക്കിംഗ് ചിക്കന്‍- കൗഷികി, ക്രൗണ്‍ പ്ലാസ.
പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും.

