കെ എസ് എഫ് ഇയെ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നത് പണമൂറ്റുന്ന സ്രോതസ്സായി മാത്രം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Web Desk
2 Min Read

കൊച്ചി: പണമൂറ്റൂന്ന സ്രോതസ്സായാണ് കെ എസ് എഫ് ഇയെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. കെ എസ് എഫ് ഇ ഓഫീസേഴ്സ് അസോസിയേഷന്‍ 24-ാം സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

കെ എസ് എഫ് ഇ ഉണ്ടാക്കുന്ന ലാഭം കൊണ്ടുപോകുന്ന സര്‍ക്കാര്‍ സ്ഥാപനത്തെ ഇന്നത്തെ രൂപത്തിലാക്കി മാറ്റിയ ജീവനക്കാരെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍, ഇടക്കാലാശ്വാസം തുടങ്ങി ഒരുകാര്യവും ചെയ്യുന്നില്ല. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഇവയെല്ലാം കൃത്യമായി ചെയ്തിരുന്നതായും തിരുവഞ്ചൂര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് ഉള്‍പ്പെടെ പിന്തുണ നല്‍കേണ്ട സ്ഥാനത്ത് അത് കൊടുക്കാതെ കണ്ണുകള്‍ മൂടിക്കെട്ടുന്ന അവസ്ഥയാണ് രണ്ടാം പിണറായി സര്‍ക്കാറിന്റേത്. കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പലിശ നല്‍കേണ്ടി അവസ്ഥയിലാണ് കേരളമെന്നും കൊട്ടിഘോഷിച്ച കിഫ്ബി ഉള്‍പ്പെടെ വന്‍ പരജയമായെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ സാമ്പത്തിക കെടുകാര്യസ്ഥതയിലേക്കാണ് സര്‍ക്കാര്‍ കൊണ്ടുചെന്നെത്തിക്കുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ജീവനക്കാരുടെ ആനുകൂല്യങ്ങളെ കുറിച്ചും പെന്‍ഷനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നതും പറയാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നതും.

- Advertisement -
Ad image

ഭരണത്തിന്റെ പേരില്‍ ലോകം ചുറ്റിക്കറങ്ങുന്ന പ്രമാണിമാര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. അതൊകൊണ്ടുതന്നെ കേരള സര്‍ക്കാറിനെ അനുകൂലിച്ച് സംസാരിക്കുന്ന ഒരാളെ പോലും ഇപ്പോള്‍ സംസ്ഥാനത്ത് കാണാനാവില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

കെ എസ് എഫ് ഇ ഒ എ സംസ്ഥാന പ്രസിഡന്റ് ആന്റോ ആന്റണി എം പി അധ്യക്ഷത വഹിച്ചു. വലിയ ലാഭമുണ്ടാക്കിയിട്ടും ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്ത ഇടതു സര്‍ക്കാറില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ വരുന്നതോടെ മാറ്റമുണ്ടാകുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു.

സര്‍വീസില്‍ നിന്നും വിരമിച്ച കെ എസ് എഫ് ഇ ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എ മന്‍സൂറിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുന്‍മന്ത്രി കെ ബാബു എം എല്‍ എയും ചേര്‍ന്ന് ഉപഹാരം കൈമാറി.

കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാര്‍, കെ എസ് എഫ് ഇ ഒ എ സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറി എം എസ് ചന്ദ്രബോസ്, ബേബി ജേക്കബ്, വിനോദ് എസ്, ജയചന്ദ്രന്‍, വിനോദ് കുമാര്‍, എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എ, സുശീലന്‍, അനസ്, ഇഖ്ബാല്‍, രാകേഷ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കെ എസ് എഫ് ഇ ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എ മന്‍സൂര്‍ സ്വാഗതവും സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍ സൈമണ്‍ കെ ആര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!