

കൊച്ചി: മൃദംഗനാദം എന്ന പേരില്‍ കൊച്ചിയില്‍ നടക്കുന്ന ഭരതനാട്യം ഗിന്നസ് വേള്‍ഡ് റെക്കോഡിന് തിരി തെളിഞ്ഞു. 12000 ഭരതനാട്യ നര്‍ത്തകരെ ഒരേ വേദിയില്‍ അണിനിരത്തുന്ന പരിപാടി ഡിസംബര്‍ 29ന് കൊച്ചിയില്‍ നടക്കും.

ഭരതനാട്യരംഗത്തെ പ്രഗല്ഭരായ ഗുരുക്കന്മാരുടെ സാന്നിധ്യത്തില്‍ പ്രശസ്ത നടന് സിജോയ് വര്‍ഗീസ് തിരി തെളിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം നൃത്താധ്യാപകര് പങ്കെടുത്തു. മൃദംഗവിഷന് മാനേജിംഗ് ഡയറക്ടര്‍ നിഘോഷ് കുമാര്‍, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗുരുക്കന്മാരുടെ സാന്നിധ്യം തന്നെ ഒരു പൊസിറ്റീവ് എനര്‍ജിയാണെന്നും ഇത്രയധികം നൃത്താധ്യാപകരെ ഒന്നിച്ച് ഒരു വേദിയില്‍ അണിനിരത്തുന്നത് ഇതാദ്യമാണെന്നും കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ പറഞ്ഞു. എല്ലാ നൃത്താധ്യാപകരും പങ്കെടുത്ത് തമിഴ്നാടിന്റെ റെക്കോഡ് മറികടക്കണമെന്ന് നടന് സിജോയ് വര്‍ഗീസ് പറഞ്ഞു. നമ്മുടെ ചരിത്രം തന്നെ മുന്നോട്ട് പോകുന്നത് ഇത്തരം കലാരൂപങ്ങള്‍ നില നില്‍ക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെക്കോഡിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന നൃത്താധ്യാപകര് ബന്ധപെടണമെന്ന് മൃദംഗവിഷന് മാനേജിംഗ് ഡയറക്ടര്‍ നിഘോഷ് കുമാര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 9961665170, 7511193339.

