

തൃശൂര്‍: പ്രകൃതിയോടൊപ്പം മാത്രമേ മനുഷ്യന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നും പ്രകൃതിക്കെതിരെ സാധ്യമല്ലെന്നും കേരളാ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് സയന്റിസ്റ്റും വനഷട്പദ വിജ്ഞാനീയം, വനഭൂമി തരംതിരിക്കല്‍, വന്യമൃഗ സംഖ്യാ ബലതന്ത്രം, വന്യജീവി വ്യാപനം എന്നീ വിഷയങ്ങളില്‍ മൂന്നുദശകത്തിനടുത്ത് അനുഭവസമ്പത്തുള്ളയാളുമായ ഡോ. ടി വി സജീവ് പറഞ്ഞു. ആഗോള പരിസ്ഥിതി, ജല, പാര്‍പ്പിട ദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്ക്വയര്‍ ഫീറ്റ് (ബി എസ് എഫ്) പ്രഭാഷണപരമ്പരയിലെ 28-ാമത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. സജീവ്.

കടലിലെ ജലനിരപ്പ് ഉയര്‍ന്നതും രണ്ട് ധ്രുവങ്ങളിലേയും മഞ്ഞുപാളികള്‍ ഉരുകുന്നതും കടുത്ത കാലാവസ്ഥാ ദുരന്തങ്ങളുമാണ് കാലാവസ്ഥാമാറ്റം കൊണ്ടുവരുന്ന പ്രധാന വെല്ലുവിളികള്‍. വലിയ തുള്ളികളോടെ ഒറ്റയടിക്ക് പെയ്തു തീരുന്ന നിംബസ് മേഘങ്ങളാണ് കടുത്ത കാലാവസ്ഥാ ദുരന്തങ്ങളിലൊന്ന്. അവ ഏതിടത്തും പ്രളയമുണ്ടാക്കും. മലമുകളില്‍ പെയ്യുമ്പോള്‍ ഉപരിതലമണ്ണിനെ ഇളക്കി കടലിലേയ്ക്കൊഴുക്കും. മരങ്ങളെ ബാധിക്കും, കുരുന്നിലകള്‍ ഇല്ലാതാകും, ചെറുപുഴുക്കള്‍ക്ക് തീറ്റയില്ലാതാകും. കിളികളും പട്ടിണിയാകും. അങ്ങനെ പരസ്പരബന്ധിതമായ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ ദോഷം ചെയ്യും. ഇന്നനുഭവപ്പെടുന്ന കാലാവസ്ഥാമാറ്റം മനുഷ്യര്‍ക്ക് ഉപകാരികളായ ജീവികള്‍ക്ക് നാശമായപ്പോള്‍ ഉപദ്രവകാരികളായ ജീവികള്‍ക്കു ഗുണമായെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഉദാഹരണത്തിന് തേനീച്ചകള്‍ക്ക് നാശം വിതച്ചപ്പോള്‍ കൊതുകളുടെ പെരുപ്പത്തിന് അത് അനുകൂലസാഹചര്യം ഒരുക്കി. മലമുകളില്‍ പെയ്ത് കുത്തിയൊഴുകി വരുന്ന വെള്ളം കടല്‍ക്ഷോഭം ചെറുക്കാന്‍ സ്ഥാപിച്ചിരിക്കുന്ന കരിങ്കല്‍ഭിത്തികളുടെ അടിത്തറ തകര്‍ക്കും. അതുകൊണ്ട് കരിങ്കല്‍ഭിത്തികള്‍ കടല്‍ക്ഷോഭത്തിനുള്ള ശാശ്വതപരിഹാരമല്ല. അതേ സമയം അവ കൂടുതല്‍ ക്വാറികള്‍ക്ക് വഴി തെളിച്ച് കൂടുതല്‍ പരിസ്ഥിതിദ്രോഹം ഉണ്ടാക്കുകയേ ഉള്ളു.
കേരളത്തില്‍ ലഭിക്കുന്ന കാലവര്‍ഷം, തുലാവര്‍ഷം എന്നിവയുടെ സ്വഭാവങ്ങളും മാറി. ഇടിയോടു കൂടിയ കാലവര്‍ഷം അടുത്ത കാലത്തു തുടങ്ങിയ പ്രതിഭാസമാണ്. കാലവര്‍ഷത്തിനും തുലാവര്ഷത്തിനുമിടയിലുള്ള വിടവും അപകടകരമായി കുറഞ്ഞു. അതിരപ്പിള്ളി വെള്ളച്ചാട്ടവും പരിസരങ്ങളും സന്ദര്ശിക്കുന്നവര്ക്കിടയില് നടത്തിയ സര്‍വേ ഫലങ്ങളും ഡോ. സജീവ് പങ്കുവെച്ചു. എത്രാമത്തെ തവണയാണ് അതിരപ്പിള്ളി സന്ദര്‍ശിക്കുന്നത് എന്ന ചോദ്യത്തിനു കിട്ടിയ ശരാശരി ഉത്തരം 16 എന്ന ഉയര്‍ന്ന സംഖ്യയായിരിന്നു. നമുക്കിപ്പോള്‍ നേച്വര്‍ ഡെഫിസിറ്റ് സിന്‍ഡ്രോം പിടിപെട്ടിരിക്കയാണ്. എല്ലാ മനുഷ്യരും സ്വാഭാവികമായി പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇത് തിരിച്ചറിയാതെ പ്രകൃതിസമ്പത്ത് അമിതമായി ദുരുപയോഗം ചെയ്ത് ജീവിക്കുകയാണ് നമ്മള്.
ഉദാഹരണത്തിന് കേരളത്തില്‍ മതിലു നിര്‍മാണത്തിനു ചെലവാക്കുന്ന അസംസ്കൃതവസ്തുക്കളുപയോഗിച്ച് ഒന്നു രണ്ട് അയല്‍സംസ്ഥാനങ്ങളിലെ പാര്‍പ്പിടമില്ലാത്ത മുഴുവന്‍ പേര്‍ക്കും വീടുവെച്ചു നല്‍കാനാവും എന്ന സ്ഥിതിയാണുള്ളത്. ചൈന സന്ദര്‍ശനവേളയില്‍ ബീജിംഗില്‍ മതില് നിര്‍മാണം നിരോധിച്ചിരിക്കുന്നതു കണ്ടു. കേരളവും ആ വഴിക്ക് ആലോചിക്കണം.
കാട്ടുപന്നി, ഉപ്പന്‍, താറാവ്, പറക്കാന്‍ കഴിയാത്ത പെണ്മിന്നാമിനുങ്ങ് തുടങ്ങിയ ഏതാനും ജീവികള്‍ ആഫ്രിക്കന്‍ ഒച്ചുകളെ തിന്നുവയാണെന്ന് കണ്ടെത്തിയിട്ടുണ്ടന്നും ഒരു ചോദ്യത്തിനുത്തരമായി ആഫ്രിക്കന്‍ ഒച്ച്, സ്ലൈഡര്‍ ആമ തുടങ്ങിയവയുടെ അധിനിവേശം പഠിക്കുന്ന നോഡല്‍ സെന്ററിന്റെ തലവന്‍ കൂടിയായ ഡോ സജീവ് പറഞ്ഞു. എന്നാല്‍ ഇവയെ ഉപയോഗപ്പെടുത്തുന്നതില്‍ പരിമിതികളുണ്ട്. ചെറിയ ഒച്ചുകളെ മാത്രമേ ഉപ്പനും താറാവിനും മിന്നാംമിനുങ്ങിനും തിന്നാന്‍ സാധിക്കുകയുള്ളു. പ്രകൃതിക്ഷോഭങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഉറുമ്പുകള്‍ക്കുപോലും സാധിക്കും. അതവരുടെ ജീവന്മരണ പ്രശ്നമായതുകൊണ്ടാണ് അങ്ങനെ സാധിക്കുന്നത്. മനുഷ്യനും അങ്ങനെ സാധിച്ചിരുന്നുവെന്നു വേണം കരുതാന്‍. ഇന്ന് തന്റെ ജോലിസ്ഥലത്ത് തനിയെക്കെതിരെ വല്ല ഉപജാപവും നടക്കുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി തിരിച്ചറിയാനാണ് മനുഷ്യര്‍ ഈ സിദ്ധി ഉപയോഗപ്പെടുത്തുന്നതെന്നു മാത്രം.
അസറ്റ് ഹോംസ് തിരുവനന്തപുരത്ത് നടപ്പാക്കുന്ന 136 പാര്‍പ്പിട യൂണിറ്റുള്ള പുതിയ പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കള്‍ അതേ പ്രോപ്പര്ട്ടിയില്ത്തന്നെ 136 മരങ്ങള്‍ നടുകയെന്ന സുസ്ഥിര ജീവന മാതൃക നടപ്പാക്കുകയാണെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തിയ അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി പറഞ്ഞു. തൃശൂരില്‍ ഈയിടെ നിര്‍മാണം പൂര്‍ത്തിയായ അസറ്റ് ഫൊര്ച്യൂണയിലുള്പ്പെടെ ചുരുങ്ങിയത് അര സെന്റ് ഭൂമിയിലെങ്കിലും മിയാവാക്കി നഗരവനങ്ങള്‍ വളര്‍ത്തുന്നുണ്ട്. ഒരു വര്‍ഷം കൊണ്ട് കാടുപിടിയ്ക്കുന്ന ജനുസ്സില്‍പ്പെട്ട മരങ്ങളാണ് ഇങ്ങനെ വളര്‍ത്തുന്നതെന്നും താമസക്കാര്‍ക്ക് ജിം, സ്വിമ്മിംഗ് പൂള് എന്നിവയേക്കാളൊക്കെ പ്രിയപ്പെട്ടതാവുകയാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

