
കൊച്ചി: നടന്‍ റിസബാവ (55) അന്തരിച്ചു. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററിലായിരുന്നു.
നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ റിസബാവ 1984ല്‍ വിഷുപ്പക്ഷി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയതെങ്കിലും 1990ല്‍ റിലീസായ ഡോക്ടര്‍ പശുപതിയില്‍ നായകനായി രംഗത്തെത്തുകയായിരുന്നു.

സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനായത്. പിന്നീട് മലയാള സിനിമയില്‍ പ്രധാനപ്പെട്ട പല വില്ലന്‍ റോളുകളും റിസബാവ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും റിസബാവ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയം കൂടാതെ സിനിമകളില്‍ ഡബ്ബിംഗും ചെയ്തു. കര്‍മ്മയോഗി (2011) എന്ന സിനിമയിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
റിസബാവയുടെ നിര്യാണത്തില്‍ മലയാള ചലച്ചിത്ര ലോകം അനുശോചനം രേഖപ്പെടുത്തി. നല്ല കലാകാരന്‍ എന്നതിലുപരി നല്ല മനുഷ്യനായിരുന്നു റിസബാവയെന്ന് ജയറാം അനുസ്മരിച്ചു. മഞ്ജുവാര്യര്‍, പൃഥ്വിരാജ്, ബിജുമേനോന്‍, ഇര്‍ഷാദ് അലി, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
റിസബാവയുടെ വിയോഗം തന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും അദ്ദേഹം വിട്ടുപോയതായി വിശ്വസിക്കാനാവുന്നില്ലെന്നും സംവിധായകന്‍ സിദ്ദീഖ് പറഞ്ഞു.

