

കാക്കനാട്: കാക്കനാട് തുതിയൂര്‍ കേന്ദ്രീകരിച്ച് രാസലഹരി ഗുളികകള്‍ വില്‍പ്പന നടത്തിവന്നയാള്‍ പിടിയില്‍. കാക്കനാട് തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍ രമേശ് (30) ആണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എറണാകുളം സിറ്റി എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.

മാനസിക വിഭ്രാന്ത്രിയുള്ളവര്‍ക്ക് സമാശ്വാസം നല്കുന്ന അത്യന്തം മാരകമായ നൈട്രോസെപാം ഗുളികകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 58 എണ്ണം (31 ഗ്രാം) രാസലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ഛര്‍ദ്ദിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന അഞ്ച് എണ്ണം ഫിനര്‍ഗാന്‍ ആംപ്യൂളുകള്‍, സ്റ്റെര്ലീങ് വാട്ടര്‍, നിരവധി സിറിഞ്ചുകള്‍ എന്നിവയും ഇയാളുടെ കൈവശത്ത് നിന്ന് കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാട് നടത്തുവാന്‍ ഉപയോഗിച്ച ഇയാളുടെ സ്മാര്‍ട്ട് ഫോണ്‍, ഓട്ടോറിക്ഷ എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.

ഇത്തരത്തിലുള്ള മയക്ക് മരുന്ന് 20 ഗ്രാമില്‍ അധികം കൈവശം വയ്ക്കുന്നത് 10 വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ മയക്ക് മരുന്ന് ഗുളികകളുമായി ആദ്യമായായണ് പിടിയിലായത്.
നാല് രൂപ വിലയുള്ള ഒരു മയക്ക് മരുന്ന് ഗുളിക 200 രൂപക്കാണ് ഇയാള്‍ മറിച്ച് വില്‍പ്പന നടത്തി വന്നിരുന്നത്. കാക്കനാട് ഭാഗത്ത് നിന്ന് അര്‍ധരാത്രി ആകുന്നതോട് കൂടി തുതിയൂര്‍ ബോട്ട് ജെട്ടി, തുതിയൂര്‍ ബസ്റ്റാന്റ്, തുതിയൂരിന് തെക്കേ അറ്റത്തുള്ള തുറസ്സായ പറമ്പുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഒട്ടനവധി യുവതി യുവാക്കള്‍ വന്ന് പോകുന്നു എന്നും അര്‍ധരാത്രിയോട് കൂടി ഓട്ടോറിക്ഷയില്‍ വരുന്ന ആളില്‍ നിന്ന് മയക്ക് മരുന്ന് വാങ്ങുന്നതിന് വേണ്ടി എത്തുന്നവരാണ് ഇവരെന്നും ഉള്ള വിവരം നേരത്തെ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ടീം, എക്സൈസ് ഇന്റലിജന്‍സ് ടീം എന്നിവര്‍ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കാക്കനാട് ചിറ്റേത്ത്കര ഭാഗത്ത് നിന്നും പിടിയിലായ യുവാവില്‍ നിന്ന് ലഭിച്ച വിവരമാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായത്. ഇത് പ്രകാരം തുതിയൂര്‍ ഭാഗത്ത് അര്‍ധരാത്രി സവാരി നടത്തുന്ന ഒരാളാണ് മയക്ക് മരുന്ന് നല്‍കിയതെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തുതിയൂര്‍ ഭാഗത്ത് അര്‍ധരാത്രിയോട് കൂടി എത്തിച്ചേരാന്‍ സാധ്യതയുള്ള സ്ഥലത്ത് കാത്തുനിന്ന എക്സൈസ് സംഘം ഇയാളുടെ ഓട്ടോറിക്ഷ തടഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
മാരക ലഹരിയിലായിരുന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് എക്സൈസിന് കസ്റ്റഡിയില്‍ എടുക്കാന്‍ സാധിച്ചത്. ആവശ്യക്കാരെ ഓട്ടോയില്‍ കയറ്റി വണ്ടി ഓടിച്ച് മുന്നോട്ട് പോകുകയും ഓട്ടത്തിനിടയില്‍ പണം വാങ്ങിയതിന് ശേഷം മയക്ക് മരുന്ന് കൈമാറി തിരികെ അയാള്‍ കയറിയ സ്ഥലത്ത് തന്നെ ഇറക്കി വിടുന്നതുമായിരുന്നു വില്‍പ്പനയുടെ രീതിയെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഓട്ടോ സവാരി നടത്തുന്ന ഒരു പ്രതീതി ഉണ്ടാക്കാനാണ് ഇത്തരത്തില്‍ ചെയ്തിരുന്നത്. ഇത്തരത്തിലുള്ള മയക്ക് മരുന്നിന്റെ ചെറിയ തോതിലുള്ള ഉപയോഗം പോലും വളരെ പെട്ടെന്ന് ലഹരിക്ക് അടിമയാക്കും എന്നതാണ് യുവതി യുവാക്കള്‍ ഇതിലേക്ക് ആകൃഷ്ടരാകാന്‍ കാരണം. ഇതിന്റെ അനാവശ്യമായ ഉപയോഗം അമിത രക്ത സമര്‍ദ്ദത്തിന് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങള്‍ക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയില്‍ എത്തിച്ചേരുവാനും ഇതേ തുടര്‍ന്ന് ഹൃദയാഘാതം വരെ സംഭവിക്കാന്‍ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്‍സോംനിയ, അമിത ഭയം, ഉത്കണ്ഠ തുടങ്ങിയ അസുഖങ്ങള്‍ക്കാണ് ഈ മയക്ക് മരുന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്നത്. ഷെഡ്യൂള്‍ഡ് എച്ച് 1 വിഭാഗത്തില്‍പ്പെടുന്ന ഈ മയ്ക്ക് മരുന്ന് വളരെ അപൂര്‍വ്വം മെഡിക്കല്‍ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികകള്‍ ട്രിപ്പിള്‍ പ്രിസ്ക്രിപ്ഷന് വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിള്‍ പ്രിസ്ക്രിപ്ഷനുകളില്‍ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ ഇയാള്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളായ നിരവധി യുവാക്കള്‍ ഇയാളുടെ മയക്ക് മരുന്ന് കച്ചവടത്തില്‍ സഹായികള്‍ ആയി നിന്നിട്ടുണ്ടെന്നും മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.
തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണിപിള്ള കേസിനാസ്പദമായ സംഭവ സ്ഥലം സന്ദര്‍ശിച്ചു കേസ് സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തുതിയൂരില്‍ വച്ച് ഐടി ഉദ്യോഗസ്ഥനില്‍ നിന്ന് രാസലഹരി പിടി കൂടി കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ ഇയാള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വിദേശ ഇനം പട്ടിയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. രാത്രി കാലങ്ങളില്‍ തുതിയൂരിലെ വിവിധ പ്രദേശങ്ങളില്‍ ടൂവിലറില്‍ അനാവശ്യമായി ചുറ്റിത്തിരിയുന്നവരെ നിരീക്ഷിച്ച് പരിശോധന നടത്തുമെന്നും കാക്കനാട് ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും മയക്ക് മരുന്നിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ജിമ്മി ജോസഫ് അറിയിച്ചു.
എറണാകുളം റേഞ്ച് ഇന്‍സ്പെക്ടര്‍ മനൂപ് വി പി, സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ കെ അരുണ്‍, സി ഇ ഒ പി പത്മഗിരീശന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

