

പാരീസ്: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു ഒ സി) പ്രസിഡന്റ് ശൈഖ് ജൊവാന്‍ ബിന്‍ ഹമദ് അല്‍ താനി ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും ഇന്റര്‍നാഷണല്‍ സൈക്ലിംഗ് യൂണിയന്‍ പ്രസിഡന്റുമായ ഡേവിഡ് ലാപ്പര്‍ട്ടിന്റുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ വെളിച്ചത്തില്‍ ഇരു രാജ്യങ്ങളിലെയും കായിക പ്രസ്ഥാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

പാരീസ് 2024 ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ശൈഖ് ജൊവാന്‍ ബിന്‍ ഹമദ് അല്‍താനി അഭയാര്‍ഥി ഒളിമ്പിക് ടീമുമായും കൂടിക്കാഴ്ച നടത്തി. അഭയാര്‍ഥികള്‍ക്ക് കായികരംഗത്ത് പിന്തുണ നല്‍കാനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി അഭയാര്‍ഥി ഒളിമ്പിക് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ശൈഖ് ജൊവാന്‍ ബിന്‍ ഹമദ് അല്‍ താനി. അഭയാര്‍ഥി ഒളിമ്പിക് ഫൗണ്ടേഷന്റെ സ്ഥാപക അംഗമാണ് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി.
